പുരാതന ഈജിപ്ത് അത്ഭുതങ്ങളുടെ കലവറയാണ്. നിരവധി ശവകുടീരങ്ങളും, പിരമിഡുകളും, ശില്പങ്ങളും ഉള്‍പ്പടെ സമ്പന്നമായ ഒരു ചരിത്രത്തിന്റെ പറുദീസയാണ് ഈജിപ്ത്. ഈജിപ്തിലെ ഓരോ മണൽത്തരിയിലും ചരിത്രമുറങ്ങുന്നു എന്നാണ് ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നത്. ഏറെ സവിശേഷമായ ഒരു കണ്ടെത്തൽ അടുത്തിടെ ഈജിപ്തിൽ നിന്നും ഉണ്ടായി. ചരിത്ര ഗവേഷകരെ ഇത് ഏറെ അമ്പരപ്പിച്ചിരിക്കുകയാണ്.
ക്ലിയോപ്പാട്രയുടെ ശവകുടീരം കണ്ടെത്തുന്നതിനുള്ള പരിവേഷണത്തിനിടയാണ് ജാമിതീയ വിസ്മയം എന്ന് വിളിക്കാവുന്ന തരത്തിൽ ആരെയും അമ്പരപ്പിക്കുന്ന ഒരു തുരങ്കം അവർ കണ്ടെത്തിയത്. പുരാതന നഗരമായ തപോസിരസ് മാഗ്നയിലെ ഒരു ക്ഷേത്രത്തിന്റെ അടിയിൽ നടത്തിയ പരിവേഷണമാണ് ഗവേഷകരെ ഇതിലേക്ക് നയിച്ചത്. 13 മീറ്റർ ആഴത്തിലാണ് പാറയിൽ കൊത്തിയെടുത്ത ഒരു തുരങ്കം കാണാൻ ഇടയായത്.
ഈ വിശേഷപ്പെട്ട തുരങ്കത്തിന് 1305 മീറ്റർ നീളവും 2 മീറ്റർ ഉയരവും ആണ് ഉള്ളത്. ഈ തുരങ്കത്തിന്റെ ഒരു ഭാഗം മെഡിറ്ററേനിയൻ കടലിൽ മുങ്ങിയിരിക്കുകയാണ്. ചതുരാകൃതിയിലുള്ള ചുണ്ണാമ്പ് കല്ലിന് പുറമേ ഈ തുരങ്കത്തിന്റെ അനുബന്ധമായി നിരവധി മൺപാതകളും മറ്റും കണ്ടെത്തി.കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇത് പണി കഴിപ്പിച്ചിരിക്കുന്നത്. ആ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന പല പാത്രങ്ങളും ചെളിയിൽ പുതഞ്ഞ നിലയിൽ ഇവിടെ നിന്നും ഗവേഷകർക്ക് ലഭിച്ചു.
നൂറ്റാണ്ടുകൾക്ക് മുമ്പ് കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ ഇത്തരമൊരു തുരങ്കം ഇവർ എങ്ങനെ പണിഞ്ഞു എന്ന് അത്ഭുതപ്പെടുകയാണ് ഗവേഷകർ. നേരത്തെ ഇവിടെ നടന്ന ഖനനത്തിൽ അലക്സാണ്ടർ ചക്രവർത്തിയുടെയും ക്ലിയോ പാട്രയുടെയും മുഖം ആലേഖനം ചെയ്ത നാണയങ്ങളും നിരവധി ശിരസ്സില്ലാത്ത പ്രതിമകളും ലഭിക്കുകയുണ്ടായി. ഗവേഷകര്‍ പര്യവേഷണം തുടരുകയാണ്.