നോർത്ത് അമേരിക്കയിലെ സോണോറിൻ മരുഭൂമിയിൽ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേകതരം തവളെ തേടിയെത്തുന്നവർ പതിവായതോടെ ഇതിന്റെ പിന്നിലെ കാരണം അന്വേഷിച്ച അധികൃതർ അമ്പരന്നു പോയി. തവളയെ നക്കി ലഹരിയുടെ പുതു വഴി കണ്ടെത്തുകയാണ് ഒരു വിഭാഗം ചെയ്യുന്നത്.
ഒരു സാധാരണ മനുഷ്യൻ ഒരിക്കലും ചെയ്യാൻ സാധ്യതയില്ലാത്ത വഴികൾ ലഹരിക്കായി ഇത്തരക്കാർ കണ്ടെത്തിയിരിക്കുകയാണ്. മുൻപ് ലഹരി ലഭിക്കുന്നതിനുവേണ്ടി പശ കത്തിച്ച് ശ്വസ്സിക്കുകയും പാമ്പുകളെ കൊണ്ട് നാവിൽ കടിപ്പിക്കുന്നതിനെയും മറ്റും നമ്മൾ കേട്ടിട്ടുണ്ട്. ഇത്തവണ അതിൽനിന്നും വ്യത്യസ്തമായാണ് തവളയെ നക്കി ലഹരി സ്വന്തമാക്കുന്നവർ.
അമേരിക്കയിലെ നാഷണൽ പാർക്കില്‍ ലഹരിക്ക് വേണ്ടി തവളയെ തേടി എത്തുന്നവരെ കൊണ്ട് ആകെ കുഴപ്പത്തിൽ ആയിരിക്കുകയാണ് ഇപ്പോള്‍ പാര്‍ക്ക് അധികൃതര്‍. ഇവർ തവളയുടെ പുറംഭാഗം നക്കിയാണ് ലഹരി കണ്ടെത്തുന്നത്. ഇത് പതിവായതോടെ പാർക്കിൽ എത്തുന്നവർ തവളയെ നാവുകൊണ്ട് രുചിച്ചു നോക്കരുത് എന്ന ബോർഡ് പോലും അധികൃതർക്ക് സ്ഥാപിക്കേണ്ടതായി വന്നു.
ഈ തവളയുടെ ശരീരത്തിൽ നിന്നും പുറത്തു വരുന്ന ഒരു പ്രത്യേകതരം രാസവസ്തു ഇവർക്ക് ലഹരി പകർന്നു നൽകുന്നത്. ഈ ലഹരിയിലൂടെ ഒരു പ്രത്യേക ഉന്മാദാവസ്ഥയിലേക്ക് ഇവർ എത്തുന്നു. ലഹരിക്കായി തവളയെ തേടി പാർക്കിൽ എത്തുന്നവരെ നിയന്ത്രിക്കാനായി ബോർഡ് സ്ഥാപിച്ച് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ അധികൃതർ.
ഈ തവളയുടെ തൊലിയിൽ നിന്നും ലഹരി വേർതിരിച്ചു വിൽപ്പന നടത്തുന്ന ഒരു സംഘം തന്നെ അമേരിക്കയിൽ ഇപ്പോൾ നിലവിലുണ്ട്. തവളയുടെ പുറത്തുള്ള ഈ രാസവസ്തു അളവിൽ കൂടുതൽ ശരീരത്തിൽ എത്തിയാൽ അത് മരണത്തിനു പോലും കാരണമാകും എന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.