മറന്നു വച്ച സ്വർണം ഒരു വർഷത്തിനു ശേഷം ദമ്പതികൾക്ക് തിരികെ നൽകി കടയുടമ മാതൃകയായി

നഷ്ടപ്പെട്ട സ്വർണം ഒരു വർഷത്തിനു ശേഷം ഉടമയ്ക്ക് തിരികെ ലഭിച്ചു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. സംഭവം സത്യമാണ്. കോഴിക്കോട് മുക്കത്തെ ജ്വല്ലറിയിൽ മറന്നു വെച്ച സ്വർണമാണ് ദമ്പതികൾക്ക് വളരെ അപ്രതീക്ഷിതമായി അതേ ജ്വല്ലറിയില്‍ നിന്നും തിരികെ ലഭിച്ചത്.

മറന്നു വച്ച സ്വർണം ഒരു വർഷത്തിനു ശേഷം ദമ്പതികൾക്ക് തിരികെ നൽകി കടയുടമ മാതൃകയായി 1

 2021 നവംബറിലാണ് മുക്കം കെ എം സിറ്റി മെഡിക്കൽ കോളേജിലെ അധ്യാപകരായ ജയദേവും ബ്രിജിറ്റയും മുക്കത്തുള്ള ശ്രീരാഗം എന്ന ജ്വല്ലറിയിൽ സ്വർണ്ണം വാങ്ങാനായി വരുന്നത്. ഇരുവരും പുതിയ സ്വർണ്ണം ഇവിടെ നിന്നും വാങ്ങി പോയെങ്കിലും കൈവശമുണ്ടായിരുന്ന സ്വർണത്തിൽ ചിലത് ഇവിടെ മറന്നു വച്ച് പോയിരുന്നു. ദമ്പതികൾ വന്നുപോയി ഏറെ സമയം കഴിഞ്ഞതിനു ശേഷം ആണ് ജ്വല്ലറി ജീവനക്കാർക്ക് സ്വർണ്ണം ലഭിക്കുന്നത്. ആരുടേതാണ് ഈ സ്വർണം എന്ന് അവർക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. സിസിടിവി ഉൾപ്പെടെ അവര്‍ വളരെ വിശദമായി പരിശോധിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ ജ്വല്ലറിയുടെ ഉടമ ഷാജി സ്വർണം ഭദ്രമായി തന്നെ സൂക്ഷിച്ചു വച്ചു.

 അതേസമയം സ്വർണ്ണം നഷ്ടപ്പെട്ട അധ്യാപക ദമ്പതികൾക്ക് ഇത് എവിടെയാണ് മറന്നുവെച്ചത് എന്ന് അറിയില്ലായിരുന്നു. പിന്നീട് ഒരു വർഷം കഴിഞ്ഞതിനു ശേഷം വളരെ യാദൃശ്ചികമായി ഇതേ ജ്വല്ലറിയിൽ വീണ്ടും സ്വർണം വാങ്ങാൻ എത്തിയപ്പോഴാണ് തങ്ങൾക്ക് സ്വർണം നഷ്ടപ്പെട്ട വിവരം ഇവർ പറഞ്ഞത്. അപ്പോഴാണ് ഷോപ്പില്‍ നിന്നും സ്വർണ്ണം ലഭിച്ച വിവരം ജീവനക്കാർ വീണ്ടും ഓർക്കുന്നത്. അവർ ഉടൻ തന്നെ ജ്വല്ലറി ഉടമയോട് വിവരം പറഞ്ഞു. ഇതോടെയാണ് അധ്യാപക ദമ്പതികൾക്ക് സ്വർണം തിരികെ ലഭിക്കുന്നത്. തുടർന്ന് വ്യാപാരി വ്യവസായി സമിതി മുക്കം യൂണിറ്റ് പ്രസിഡന്റിന്റെ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ രണ്ട് വളകളും ഒരു ബ്രേസ്‌ലെറ്റും അടങ്ങുന്ന സ്വർണ്ണാഭരണങ്ങള്‍ ജ്വല്ലറി ഉടമ തന്നെ ദമ്പതികൾക്ക് തിരികെ നൽകുകയായിരുന്നു.

Exit mobile version