ആലപ്പുഴയിലെ പല ആറുകളിലും ജനങ്ങൾക്ക് കുളിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത് . പമ്പയാറിന്റെയും മറ്റും തീരങ്ങളിൽ നീർനായ്ക്കൾ തമ്പടിച്ചതാണ് ഭീഷണിയായി മാറിയിരിക്കുന്നത്. വെള്ളപ്പൊക്കം ഉണ്ടായ സമയത്ത് ഡാമുകൾ തുറന്നു വിട്ടിരുന്നു. അപ്പോള്‍ ഒഴുകിയെത്തിയതാണ് ഈ നീർനായകൾ എന്നാണ് കരുതുന്നത്. ഇത് പിന്നീട് ആറിന്റെ തീരത്ത് പെറ്റു പെരുകുകയായിരുന്നു. ഇപ്പോൾ പ്രദേശ വാസികൾക്കും മറ്റും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ് ഇവ.
കഴിഞ്ഞ ദിവസം ആറ്റില്‍ കുളിക്കാൻ ഇറങ്ങിയ ഇടത്വാ തലവടി കുറ്റു വീട്ടിൽ ബാബു കൈമളിന് നീർ നായയുടെ ആക്രമണത്തിൽ പരിക്ക് പറ്റിയിരുന്നു. കുളി കഴിഞ്ഞതിനു ശേഷം കരയിലേക്ക് കയറാൻ തുടങ്ങുന്നതിനിടെയാണ് ഇയാളുടെ വലത്തെ കാലിന് നീർനായയുടെ കടി ഏൽക്കുന്നത്. കടിയേറ്റ് കാല്‍ കുടഞ്ഞപ്പോള്‍ ഇത് വലത്തെ കാലിലും കടിച്ചു പരിക്കേൽപ്പിച്ചു. ഇദ്ദേഹത്തെ ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ തേടി.
നീർനായയുടെ ശല്യം രൂക്ഷമായതോടെ വളരെ കുറച്ചാളുകൾ മാത്രമാണ് ആറ്റിൽ കുളിക്കാൻ എത്തുന്നത്. ആറ്റിലെ മത്സ്യങ്ങളെ പിടിച്ച് അകത്താക്കുന്നതിന് വേണ്ടിയാണ് നീർനായ്ക്കൾ ഇവിടെ പെറ്റ് പെരുകിയിരിക്കുന്നത്. മലിന ജലത്തിൽ നീർനായ്ക്കൾ സാധാരണയായി ഇറങ്ങാറില്ല. ശുദ്ധജല കടവുകൾ കേന്ദ്രീകരിച്ചാണ് നീർനായ പെറ്റു പെരുകുന്നതും തമ്പടിച്ചിരിക്കുന്നതും. നീർ നായയുടെ ശല്യം രൂക്ഷമായതോടെ പ്രദേശവാസികൾ ഇപ്പോൾ ആറ്റു കടവില്‍ കുളിക്കാന്‍ ഇറങ്ങാറില്ല. നിരവധി പേർക്ക് ഇതിനോടകം തന്നെ നീർനായയുടെ ആക്രമണത്തിൽ പരിക്കു പറ്റി.