പാലക്കാട് ജില്ലയിലെ കൊല്ലംകോട് ട്രാൻസ്ജെൻഡർ വിവാഹത്തിനുള്ള അനുമതി ക്ഷേത്രം അധികൃതര്‍ നിഷേധിച്ചതായി പരാതി. നിലൻ കൃഷ്ണയും അദ്വികയും തമ്മിലുള്ള വിവാഹം നടത്തുന്നതിനാണ് കൊല്ലംകോട് കാച്ചാംകുറുശ്ശി ക്ഷേത്രത്തിന്റെ ഭാരവാഹികള്‍ അനുമതി നിഷേധിച്ചത്. നിലന്‍ കൃഷ്ണ കൊല്ലംകോട് ഫിൻമാർട്ട് കമ്പനിയിലെ ജീവനക്കാരനാണ്. വിവാഹ വേദിയായി കാച്ചാംകുറുശ്ശി ക്ഷേത്രമാണ് ക്ഷണക്കത്തിൽ അച്ചടിച്ചിട്ടുള്ളത്. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ളതാണ് കാച്ചാംകുറുശ്ശി ക്ഷേത്രം. എന്നാല്‍ ഇവിടെ വച്ച് വിവാഹം നടത്താൻ അനുമതി നൽകില്ല എന്ന് വിവാഹത്തിന് രണ്ട് ദിവസം മുൻപു മാത്രമാണ് ഭാരവാഹികൾ ഇവരോട് പറയുന്നത്. ഭാവിയിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ട്രാൻസ്ജെൻഡർ വിവാഹത്തിന് അനുമദി നൽകാതിരുന്നത് എന്നാണ് ക്ഷേത്രം ഭാരവാഹികൾ നൽകുന്ന വിശദീകരണം. ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്താൻ അനുവദി ലഭിക്കില്ല എന്ന് മനസ്സിലാക്കിയതോടെ ചടങ്ങുകൾ സമീപത്തുള്ള ഒരു കല്യാണ മണ്ഡപത്തിലേക്ക് മാറ്റുക ആയിരുന്നു.
നിലൻ ആലപ്പുഴ സ്വദേശിയാണ്. ജന്മംകൊണ്ട് സ്ത്രീയാണെങ്കിലും പിന്നീട് നിലന്‍ ഒരു ആൺകുട്ടിയുടെ ജീവിത രീതിയിലേക്ക് സ്വയം മാറുക ആയിരുന്നു. അതേസമയം വധുവായ അദ്വിക് ആൺകുട്ടിയായി ജനിച്ച് പിന്നീട് പെൺകുട്ടിയുടെ ജീവിത രീതി തിരഞ്ഞെടുത്ത വ്യക്തിയാണ്. സ്വന്തം ഇഷ്ടത്തിനനുസരിച്ച് ജീവിക്കുന്നത് കൊണ്ട് തന്നെ സമൂഹത്തിൽ നിന്ന് പലപ്പോഴും അവഗണനയും മോശം അനുഭവങ്ങളും ഇരുവര്‍ക്കും നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇരുവരും മാറ്റി നിർത്തലിന്റെ വേദന നന്നായി അനുഭവിച്ചിട്ടുള്ളവർ ആണ്. ഏറ്റവും ഒടുവിലത്തെതാണ് വിവാഹത്തിന് അനുമതി നൽകാതിരുന്ന ക്ഷേത്രം അധികൃതരുടെ നടപടി. ഏതായാലും ഈ സംഭവം വലിയ വിവാദമായി മാറിയിരിക്കുകയാണ്.