ബെൽജിയം സ്വദേശിനിയായ കെമിലും കർണാടക വിജയനഗർ സ്വദേശിയായ അനന്തരാജുവും തമ്മിലുള്ള വിവാഹം ഹമ്പിയിൽ വെച്ച് നടന്നു . ഇതോടെ നാലു വർഷം നീണ്ട പ്രണയമാണ് പൂവണിഞ്ഞത് . വെള്ളിയാഴ്ച രാവിലെ 9:25ന് ഉള്ള ശുഭ മുഹൂർത്തത്തിൽ ഇന്ത്യൻ ആചാര പ്രകാരം ആയിരുന്നു വിവാഹം നടന്നത്.
അനന്തരാജു ഹംപിയിൽ ഓട്ടോ ഡ്രൈവറും ടൂറിസ്റ്റ് ഗൈഡും ആണ്. കെമിലും കുടുംബവും ബെൽജിയത്തിൽ സാമൂഹിക പ്രവർത്തകരാണ്. യാത്രയുടെ ഭാഗമായി നാലു വർഷം മുൻപ് ഹംപിയിൽ എത്തിയപ്പോഴാണ് കെമില്‍ അനന്ത രാജുവിനെ കണ്ടു മുട്ടുന്നത്. കെമലിനും കുടുംബത്തിനും ഒപ്പം ആ യാത്രയിൽ വഴികൾ കാട്ടി ഗൈഡ് ആയി അനന്ത രാജുവും ഒപ്പം ഉണ്ടായിരുന്നു. ആ പരിചയമാണ് പിന്നീട് പ്രണയമായി മാറിയത് .
യാത്രയിൽ ഉടനീളം സത്യസന്ധമായി തങ്ങൾക്ക് വേണ്ട എല്ലാ സഹായവും ചെയ്തു തന്ന അനന്ത രാജുവിനെ കെമിലിനും കുടുംബത്തിനും ഏറെ ഇഷ്ടപ്പെട്ടു. പിന്നീട് ബെൽജിയത്തിലേക്ക് തിരികെ പോയപ്പോഴും അനന്തരാജുവുമായുള്ള അടുപ്പം കെമിലും കുടുംബവും ഹൃദ്യമായി തന്നെ സൂക്ഷിച്ചു. ഈ പ്രണയബന്ധത്തിന് ഇരു വീട്ടുകാർക്കും എതിർപ്പില്ലായിരുന്നു. ഇരുവരുടെയും വിവാഹം നേരത്തെ തന്നെ നടക്കാനിരുന്നതായിരുന്നു. എന്നാൽ കോവിഡ് മൂലമാണ് ഇത് നീണ്ടു പോയത്.
കെമിലിന്റെയും അനന്ത രാജുവിന്റെയും വിവാഹം ബെൽജിയത്തിൽ വച്ച് അത്യാഡംബരപൂർവ്വമായി നടത്താനായിരുന്നു കെമിലിന്റെ മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നത്. എന്നാൽ ഹിന്ദു ആചാര പ്രകാരം ഹംപിയിൽ വച്ച് തന്നെ വിവാഹം നടത്തണമെന്ന അനന്ത രാജുവിന്റെയും കുടുംബത്തെയും ആഗ്രഹത്തിന് ഒപ്പം നിൽക്കുകയായിരുന്നു കെമിലിന്റെ കുടുംബം.