മനസ്സുകളുടെ ആഴങ്ങളിലേക്ക് കടന്നു ചെല്ലാൻ കാർട്ടൂൺകൾക്ക് വളരെ വേഗം കഴിയും. പറയാൻ കഴിയാത്തതും പെട്ടെന്ന് മനസ്സിലാക്കി കൊടുക്കാൻ കഴിയാത്തതുമായ പല വികാരങ്ങളും കാർട്ടൂണുകളിലൂടെ ആളുകളുടെ ഉള്ളിലേക്ക് എത്തിക്കാൻ കഴിയും. പ്രിന്റ് മീഡിയകളിൽ കാർട്ടൂണുകൾക്ക് പ്രത്യേക സ്ഥാനം തന്നെ ഉണ്ട്. ഒരു പത്രത്തിന്റെ നിലപാട് ലോകത്തോട് വിളിച്ച് പറയുന്നതില്‍ കാര്‍ട്ടൂണിനുള്ള പങ്ക് വളരെ വലുതാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിലും കാർട്ടൂണുകൾ സ്ഥാനം പിടിച്ചു കഴിഞ്ഞു.
രാജ്യത്തെ പ്രമുഖ വ്യവസായി ആനന്ദ് മഹേന്ദ്ര സമൂഹ മാധ്യമത്തിൽ പങ്കു വെച്ച ഒരു കാർട്ടൂൺ ആണ് ഇപ്പോൾ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഇത് ഒരു വൃദ്ധ സദനത്തിൽ നിന്നുമുള്ള ചിത്രമാണ്. ഈ ചിത്രം തന്നെ വല്ലാതെ വിഷമിപ്പിച്ചു എന്ന് ആനന്ദ് മഹേന്ദ്ര പറയുന്നു. ഫോൺ കയ്യിൽ ഉണ്ട് എന്ന വിശ്വാസത്തിൽ നിരവധി വൃദ്ധർ തലകുനിച്ചു കൈകളിലേക്ക് നോക്കിയിരിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രം തന്നെ വല്ലാത്ത നിരാശയിൽ ആഴ്ത്തി എന്ന് ആനന്ദ് മഹേന്ദ്ര പറഞ്ഞു.
ഫോൺ താഴെ വയ്ക്കാൻ തന്നെ പ്രേരിപ്പിച്ച ചിത്രം എന്നാണ് അദ്ദേഹം ഈ ചിത്രം പങ്കു വച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്. ഇനിമുതൽ താൻ ഞായറാഴ്ചകളിൽ കഴുത്ത് നേരെയാക്കിയും തല ഉയർത്തിയും സമയം ചെലവഴിക്കുമെന്ന് ഉറപ്പാക്കും എന്നും അദ്ദേഹം ചിത്രത്തിനൊപ്പം കുറിച്ചു. ഈ കാർട്ടൂൺ ആദ്യമായി പുറത്തു വരുന്നത് 2012 ലാണ്. കൂടുതൽ സമയവും ഫോണിലേക്ക് തന്നെ നോക്കിയിരിക്കുന്നതിന്റെ അനന്തരഫലങ്ങളാണ് ഈ കാർട്ടൂണിലൂടെ വെളിവാക്കുന്നത്. ആനന്ദ് മഹേന്ദ്ര ചിത്രം പങ്കു വച്ചതോടെ ഇത് വീണ്ടും സമൂഹ മാധ്യമത്തിൽ വൈറലായി മാറി. നിരവധി പേരാണ് ചിത്രത്തിന് പ്രതികരണവുമായി മുന്നോട്ടു വന്നിരിക്കുന്നത്.