ഇന്ന് നമ്മുടെ രാജ്യം വളരെയധികം പാശ്ചാത്യ വൽക്കരിക്കപ്പെട്ടിരിക്കുന്നു എന്ന് പ്രമുഖ നടി ആശാ പരേഖ് അഭിപ്രായപ്പെട്ടു. ഗോവയിൽ നടന്നു വരുന്ന 53 ആം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് ഇവരുടെ ഈ വിവാദ പരാമർശം. 2020ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങാന്‍ എത്തിയതായിരുന്നു ഇവര്‍.
ഇന്നത്തെ സാഹചര്യങ്ങളെല്ലാം അടിമുടി മാറിപ്പോയി, ഇന്ന് പുറത്തിറങ്ങുന്ന സിനിമകളിൽ പോലും ആ മാറ്റം ദൃശ്യമാണ്. ഇന്ന് നമ്മളെല്ലാവരും വളരെയധികം പാശ്ചാത്യവൽക്കരിക്കപ്പെട്ടിരിക്കുന്നു. സ്ത്രീകൾ വിവാഹ ചടങ്ങുകൾക്ക് ഗൗൺ ധരിച്ചാണ് എത്തുന്നത്. ഇന്ത്യക്കാർക്ക് മികച്ച വസ്ത്രങ്ങളായ ചോളിയും, സൽവാറും കമ്മീസും, സാരിയുമൊക്കെയുണ്ട്. അവയാണ് ധരിക്കേണ്ടത്. പലരും സ്ക്രീനിൽ കാണുന്ന സ്ത്രീകളെ അനുകരിക്കാൻ ശ്രമിക്കുകയാണ്. വണ്ണം ഉള്ളവരും അല്ലാത്തവരും അഥ്ത്രത്തില്‍ ഉള്ള വസ്ത്രം ധരിക്കണമെന്ന് വാശിപിടിക്കുന്നു. തടിച്ചിരിക്കുന്ന സ്ത്രീകൾ പോലും പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കാൻ താല്പര്യപ്പെടുന്നു. ധരിക്കുന്ന വസ്ത്രങ്ങൾ അവർക്ക് യോജിക്കുന്നുണ്ടോ എന്ന് ചിന്തിക്കുന്നത് പോലുമില്ല. ഇന്ന് വലിയ തോതിലുള്ള പാശ്ചാത്തവൽക്കരണമാണ് നടക്കുന്നത്. ഇത് കാണുമ്പോൾ വലിയ ദുഃഖമുണ്ട്. രാജ്യത്തിന് മഹത്തായ ഒരു സംസ്കാരമുണ്ട്, നൃത്തവും സംഗീതവും ഉണ്ട്. പക്ഷേ നിർഭാഗ്യവശാൽ എല്ലാവരും പോപ്പ് സംഗീതത്തിന്റെ പുറകെയാണ്. ആശാ പരേഖ് അഭിപ്രായപ്പെട്ടു.
70 കളിൽ ഹിന്ദി സിനിമയിൽ സജീവമായി നിറഞ്ഞു നിന്നിരുന്ന നടിയാണ് ആശ. അന്ന് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റിയ നായിക ആയിരുന്നു ഇവർ. ഇന്നും നിരവധി ആരാധകരുള്ള നടിയാണ് ആശ പരേഖ് . ബാലതാരമായി ആണ് ആശ തന്റെ അഭിനയ ജീവിതത്തിന്‍റെ അരങ്ങേറ്റം കുറിച്ചത്. 1992ൽ ഇവരെ രാജ്യം പത്മശ്രീ നൽകി ആദരിക്കുകയും ചെയ്തിരുന്നു.