പിതാവിന്റെ എതിർപ്പിനെപ്പോലും അവഗണിച്ചാണ് 1991ൽ ജിം ഓഷിയ തന്റെ ഇഷ്ട ബ്രാൻഡ് ആയ വോൾവോ യുടെ സെഡാന്‍ വാങ്ങുന്നത്. ഈ വാഹനത്തിൽ പത്ത് ലക്ഷം കിലോമീറ്റര്‍ പൂർത്തിയാക്കുമെന്ന ഇയാളുടെ വാശി ഒടുവിൽ ഫലം കണ്ടു. 30 വർഷത്തിനിടെ 16 ലക്ഷം കിലോമീറ്റർ ആണ് ജിം തന്റെ വാഹനത്തിൽ യാത്ര ചെയ്തത്.
1991ൽ വോൾവോ വാങ്ങിയതിനു ശേഷം ജിമ്മിന്റെ ജീവിതത്തിൽ വളരെ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. ജീവിത സാഹചര്യം അടിമുടി മാറിയെങ്കിലും തന്റെ പ്രിയപ്പെട്ട വാഹനം ഉപേക്ഷിക്കാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. ഇതിന് കാരണമായി അദ്ദേഹം പറയുന്നത് ഈ വാഹനം പരിപാലിക്കാൻ വളരെ എളുപ്പമാണ് എന്നതു തന്നെ. വാഹനത്തിന്റെ ബൾബ് മാറ്റുന്നതും ചെറിയ റിപ്പയറിങ്ങുകളും ജിം സ്വന്തമായാണ് ചെയ്തിരുന്നത്. തനിക്ക് കഴിയുമെങ്കില്‍ ഏതൊരു സാധാരണക്കാരനും ഇത് സാധ്യമാണെന്നു ഇദ്ദേഹം പറയുന്നു.
നീണ്ട 30 വർഷത്തോളം വാഹനം ഓടിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഒരു തരത്തിലുള്ള അപകടവും ഉണ്ടായിട്ടില്ല. ഇപ്പോഴും 120 കിലോമീറ്റർ വേഗത്തിൽ പറക്കാൻ ഈ വാഹനത്തിന് കഴിയും എന്നാണ് ഉടമയുടെ അവകാശവാദം. 5 ലക്ഷത്തോളം കിലോമീറ്റർ പിന്നിട്ടപ്പോൾ എൻജിൻ റിപ്പയർ ചെയ്യേണ്ടതായി വന്നു. 30 വർഷം പിന്നിട്ടതിനു ശേഷം ആണ് അദ്ദേഹം തന്റെ വാഹനം മാറ്റുന്നതിനെക്കുറിച്ച് ചിന്തിച്ചത്. ഇത്രത്തോളം പഴക്കമുള്ളതുകൊണ്ടുതന്നെ ഡ്രൈവ് ചെയ്യുന്നതിൽ ചില ബുദ്ധിമുട്ടുകൾ ഉള്ളതുകൊണ്ടാണ് വാഹനം വിൽക്കാൻ തീരുമാനിച്ചത്. ഇതിന്റെ പാനലുകളിൽ തുരുമ്പ് കയറിയതും ഒരു കാരണമാണ്.
ഈ വാഹനത്തെക്കുറിച്ച് അറിഞ്ഞ വോൾവോ കമ്പനി തങ്ങളുടെ മാന്യനായ കസ്റ്റമറിന് ഒരു പുത്തൻ വോൾവോക്കാർ സമ്മാനമായി നൽകാൻ തീരുമാനിച്ചു. അവർ ജിമ്മിന് നൽകിയത് 2022 മോഡൽ വോൾവോ എസ് 60 എന്ന ആഡംബര സെഡാനാണ്. കൂടാതെ വരുന്ന രണ്ടു വർഷത്തേക്കുള്ള പല സേവനങ്ങളും കമ്പനി തന്നെ സൗജന്യമായി നൽകുകയും ചെയ്യും. അതേസമയം തന്റെ പുതിയ വോൾവോയിൽ 10 ലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കാൻ തയ്യാറെടുക്കുകയാണ് ഇപ്പോൾ ജിം.