വനിതാ ഹോസ്റ്റലിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾക്കെതിരെ സർക്കാരിനോട് ചോദ്യ ശരങ്ങൾ ഉന്നയിച്ചു ഹൈക്കോടതി. കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ സുപ്രധാന നിരീക്ഷണം ഉണ്ടായിരിക്കുന്നത്.
ഹോസ്റ്റൽ എന്താ ജയിൽ ആണോ എന്നും രാജ്യത്തെ മുതിർന്ന മുതിർന്ന പൗരന്മാരാണ് അവർ എന്നും കോടതി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയെ പോലും
തെരഞ്ഞെടുക്കാൻ അധികാരമുള്ള വിദ്യാർത്ഥികളെ ഇത്തരത്തിൽ
അടച്ചിടുന്നത് എന്തിനാണെന്നും കോടതി ആരാഞ്ഞു. വിദ്യാർഥികൾ ക്യാമ്പസിൽ ഇറങ്ങരുതെന്ന് ഭരണകൂടം പറയുന്നതിന്‍റെ അടിസ്ഥാനം എന്താണെന്നും കോടതി ചോദിച്ചു. സുരക്ഷയുടെ കാരണം പറഞ്ഞ് വിദ്യാർഥികൾ ക്യാമ്പസിന്റെ അകത്തു പോലും ഇറങ്ങാൻ പാടില്ല എന്ന് ഒരു സ്റ്റേറ്റ് തന്നെ പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിൽ ആണെന്നും കോടതി ചോദിച്ചു. ക്യാമ്പസിനുള്ളിൽ പോലും വിദ്യാർത്ഥിയുടെ ജീവന് സുരക്ഷയൊരുക്കാൻ സ്റ്റേറ്റിന് കഴിയാത്ത സാഹചര്യം ആണോ ഇപ്പോള്‍ നിലവില്‍ ഉള്ളതെന്ന് കോടതി ചോദിച്ചു. സുരക്ഷയുടെ പേര് പറഞ്ഞു വിദ്യാർഥികളെ പൂട്ടിയിടുകയാണോ ചെയ്യേണ്ടത്. രാത്രി ഒൻപതരയ്ക്ക് ശേഷം അവർ ആക്രമിക്കപ്പെടും എന്ന് തോന്നൽ സര്‍ക്കാരിന് എങ്ങനെയാണ് ഉണ്ടായത്. പൂട്ടിയിടേണ്ടത് വിദ്യാർഥികളെ അല്ല, അക്രമികളെ ആണെന്നും കോടതി ചൂണ്ടിക്കാട്ടി. സുരക്ഷയുടെ പേരിൽ വിദ്യാര്‍ത്ഥികളെ പൂട്ടിയിടുന്നതല്ല മികച്ച പരിഹാരം. ആണധികാര വ്യവസ്ഥയിലുള്ള ചിന്തയുടെ ഭാഗമായാണ് ഇത്തരമൊരു നടപടി. വിദ്യാർഥിനികളുടെ കഴിവിനെ ഒരിക്കലും കുറച്ചു കാണാൻ പാടില്ല. അവർ സ്വയം സംരക്ഷിക്കാൻ പ്രാപ്തരാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായം അറിയിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷനോട് കോടതി പറഞ്ഞു. വീണ്ടും വാദം കേൾക്കുന്നതിനു മുമ്പ് ഇതിന് വിശദീകരണം നൽകണമെന്നും കോടതി അറിയിച്ചു.