അയൽവക്കത്തുള്ള വീട്ടുകാരെ കൊണ്ട് ബുദ്ധിമുട്ടുണ്ടെന്ന് കാണിച്ച് പരാതിയുമായി പലരും പോലീസിനെ സമീപിക്കാറുണ്ട്. എന്നാൽ കോഴി മൂലം അയൽവാസിക്കെതിരെ പരാതി നൽകുന്ന സംഭവം ആദ്യമായിട്ടായിരിക്കും കേൾക്കുക. ഇത്തരം വിചിത്രമായ പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുകയാണ് ഇൻഡോർ സ്വദേശിയായ ഡോക്ടർ അലോക് മോദി.
അദ്ദേഹത്തിന്റെ വീട് മധ്യപ്രദേശിലെ പലാസിയയിൽ ഗ്രേറ്റർ കൈലാസ് ആശുപത്രിയുടെ അടുത്താണ്. അയൽവാസി വളർത്തുന്ന കോഴി എന്നും രാവിലെ കൂവുന്നത് കാരണം തന്റെ ഉറക്കം നഷ്ടപ്പെടുന്നു എന്നാണ് ഡോക്ടർ പറയുന്നത്. പരാതി ഫയലില്‍ സ്വീകരിച്ച പോലീസ് തുടർനടപടികൾ ആരംഭിച്ചതായി റിപ്പോർട്ട് ഉണ്ട്.
ഒരു തുടക്കം എന്ന നിലയിൽ പരാതിക്കാരനെയും അയൽവാസിയെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി പ്രശ്നം സമാധാനപൂർവ്വം പറഞ്ഞു പരിഹരിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. മധ്യസ്ഥ ശ്രമം ഫലം കണ്ടില്ലെങ്കിൽ മാത്രമേ നിയമ നടപടികളുമായി മുന്നോട്ടു പോകുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു.
രമ്യമായി സംസാരിച്ച് പ്രശ്നം പരിഹരിക്കാൻ കഴിയാത്ത പക്ഷം പൊതുസ്ഥലത്ത് നിയമവിരുദ്ധമായ രീതിയില്‍ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ശല്യം സൃഷ്ടിക്കുന്ന സാഹചര്യമായി പരിഗണിച്ച് പോലീസ് കേസ് എടുക്കും.
അൽവാസി തന്റെ വീട്ടിൽ പട്ടികളെയും കോഴികളെയും ഒക്കെ വളർത്തുന്നുണ്ടെന്ന് ഡോക്ടർ പറയുന്നു. എല്ലാ ദിവസവും രാവിലെ കൃത്യം അഞ്ചുമണിക്ക് അയല്‍ വീട്ടിലെ കോഴി കൂവുന്നു. ആശുപത്രിയിലെ ജോലി കഴിഞ്ഞ് രാത്രി വൈകി വീട്ടിൽ എത്തുന്ന തനിക്ക് അതിരാവിലുള്ള കോഴിയുടെ കൂവൽ വല്ലാത്ത ശല്യമാണെന്നും ഡോക്ടർ പറയുന്നു. തന്റെ ഉറക്കം തന്നെ ഇതുമൂലം നഷ്ടപ്പെടുകയാണ്. ഇതിന് എത്രയും വേഗം പരിഹാരം കണ്ടെത്തണം എന്നും ഡോക്ടർ പോലീസ്സിന് സമര്‍പ്പിച്ച പരാതിയിൽ പറയുന്നു.