വീട്ടുമുറ്റത്തുണ്ടായിരുന്ന പപ്പായ മരം മുറിച്ചു കളഞ്ഞതിൽ നിലവിളിച്ചു കരയുന്ന പിഞ്ചു കുട്ടിയുടെ വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലായി മാറുന്നു. അഞ്ചു വയസ്സുകാരനായ കുഞ്ഞുണ്ണി എന്ന ദീക്ഷിതാണ് പപ്പായ മരം മുറിച്ചു കളഞ്ഞതിൽ പരിതപിക്കുന്നത്. നമുക്ക് ജീവവായു തരുന്ന മരമല്ലേ അതൊന്നും അതിനെ ഈ രീതിയിൽ ഒരു കരുണയുമില്ലാതെ വെട്ടി കളയാൻ പാടുണ്ടായിരുന്നോ എന്നതാണ് കുഞ്ഞുണ്ണി ചോദിക്കുന്നത്. ഒടുവില്‍ വിഷമം സഹിക്കാന്‍ വയ്യാതെ പൂജാമുറിയിൽ പോയും കുഞ്ഞുണ്ണി കരയുന്നുണ്ട്.
ഈ ചെറിയ പപ്പായ മരത്തിനോട് അമ്മ എന്തിനാണ് ഇങ്ങനെ ചെയ്തത്, എന്തിനു വേണ്ടിയാണ് അത് വെട്ടിക്കളഞ്ഞത്. ഈ പപ്പായ മരം മുറിച്ചു കളയാൻ എങ്ങനെയാണ് അമ്മയ്ക്ക് മനസ്സ് വന്നത്. എല്ലാവർക്കും ശ്വാസം തരുന്ന മരം ആയിരുന്നല്ലോ അത്. അതിന് ഒരു വയസ്സ് പോലും തികച്ച് പ്രായമില്ലായിരുന്നു. തന്റെ അമ്മൂമ്മ എങ്കിലും അതിനെ തടയേണ്ടതായിരുന്നു. താൻ ഉറപ്പായും അമ്മയെ ശിക്ഷിക്കാൻ ഗുരുവായൂരപ്പിനോട് പറയും. കുഞ്ഞുണ്ണി കരഞ്ഞുകൊണ്ട് പറയുന്നു. പകുതി സംസ്കൃതത്തിലും പകുതി മലയാളത്തിലാണ് കുഞ്ഞുങ്ങളുടെ വിഷമം പറച്ചിൽ.
തിരുവനന്തപുരം ചിന്മയ വിദ്യാലയത്തിൽ യുകെജിയിൽ പഠിക്കുന്ന കുട്ടിയാണ് കുഞ്ഞുണ്ണി എന്ന ദീക്ഷിത്. കുഞ്ഞുണ്ണിയുടെ അച്ഛൻ തിരുവനന്തപുരം ഗവൺമെന്റ് സംസ്കൃത കോളേജ് പ്രൊഫസർ പൈതൃക രത്നം ഡോക്ടർ ഉണ്ണികൃഷ്ണനും അമ്മ സംസ്കൃത വേദാന്ത വിഭാഗം മേധാവി വിജയകുമാരിയുമാണ്. ഇവരുടെ രണ്ടാമത്തെ കുട്ടിയാണ് കുഞ്ഞുണ്ണി. ഇവർക്ക് മൂന്ന് കുട്ടികളാണുള്ളത്. ഏറ്റവും ഇളയ കുട്ടിയാണ് കുഞ്ഞുണ്ണി. മൂത്തമകൾ നിവേദിത ആയുർവേദ ഡോക്ടർ ആണ്, രണ്ടാമത്തെ മകൾ സമന്വിത പ്ലസ് വൺ വിദ്യാർഥിനിയാണ്.
ഈ കുടുംബത്തിലുള്ള എല്ലാവരും സംസ്കൃതത്തിലാണ് സംസാരിക്കാറുള്ളത്. സംസ്കൃത ഭാഷയോടുള്ള പ്രത്യേകത താൽപര്യം വച്ച് പുലർത്തുന്നവരാണ് കുടുംബാംഗങ്ങൾ എല്ലാവരും തന്നെ. കുഞ്ഞുണ്ണിയുടെ അമ്മ വിജയകുമാരി ഒരു പ്രകൃതി സ്നേഹി കൂടിയാണ്. ഏതായാലും മുറിച്ചു കളഞ്ഞ പപ്പായ മരത്തിന് പകരം മറ്റൊന്ന് നടാം എന്ന ഉറപ്പിന്മേലാണ് തൽക്കാലം കുഞ്ഞുണ്ണി അടങ്ങിയത്.