വാഹനം വാങ്ങുന്നതിന് മുമ്പ് സാധാരണ എല്ലാവരും അതിന്റെ മൈലേജിനെ കുറിച്ച് അന്വേഷിക്കാറുണ്ട്. പെട്രോൾ ലിറ്ററിന് ₹100 യിൽ കൂടുതൽ വിലയുള്ളത് കൊണ്ട് തന്നെ മികച്ച മൈലേജ് വാഗ്ദാനം ചെയ്യുന്ന വാഹനങ്ങൾ ആണ് സാധാരണക്കാർ കൂടുതലായി തിരഞ്ഞെടുക്കുന്നത്. എന്നാൽ പലപ്പോഴും കമ്പനി അവകാശപ്പെടുന്ന മൈലേജ് വാഹനങ്ങൾക്ക് ലഭിക്കാറില്ല. പക്ഷേ ഇതിന്റെ പേരിൽ ആരും പരാതിയുമായി കോടതിയെ സമീപിച്ച ചരിത്രമില്ല. അതുകൊണ്ട് ഫലമില്ലെന്ന് കരുതിയാണ് പലരും കേസിന് പോകാത്തത്. എന്നാൽ കാറിനു കമ്പനി വാഗ്ദാനം ചെയ്ത മൈലേജ് ഇല്ലെന്നാരോപിച്ചാണ് ഉടമ കോടതി കയറിയത്. അവർക്ക് അനുകൂലമായ വിധിയും കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായി.
വാഹനത്തിന് കമ്പനി വാഗ്ദാനം ചെയ്ത മൈലേജ് ലഭിക്കുന്നില്ലെന്ന് കാണിച്ച് ഫയൽ ചെയ്ത കേസിൽ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. ചൊവ്വൂർ സ്വദേശിനിയായ സൗദാമിനിയാണ് കാർ കമ്പനിയായ ഫോഡിനെതിരെ പരാതിയുമായി രംഗത്ത് വന്നത്. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ട ഉപഭോക്തൃ കോടതി ഉടമയ്ക്ക് 310000 നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. ഒരു ലിറ്ററിന് 32 കിലോമീറ്റർ ഓടാൻ കഴിയും എന്നായിരുന്നു കമ്പനി നൽകിയ വാഗ്ദാനം. എന്നാല്‍ വാഹനം വാങ്ങി ഓടിച്ചു നോക്കിയപ്പോഴാണ് കാറിന് 20 കിലോമീറ്റർ താഴെ മാത്രമാണ് മൈലേജെന്ന് മനസ്സിലായത്. ഇതോടെയാണ് കാർ ഉടമ ഉപഭോക്തൃ കോടതിയിൽ പരാതിയുമായി എത്തിയത്.
വാഹനത്തിന്റെ ബ്രോഷറിൽ മൈലേജിനെ കുറിച്ചുള്ള വിവരങ്ങൾ ഉണ്ടായിരുന്നു. ഇത് പ്രധാന തെളിവായി കോടതി സ്വീകരിച്ചു. ഇതോടെയാണ് സൗദാമിനിക്ക് അനുകൂലമായ വിധി ഉണ്ടായത്. 2014 ലാണ് സൗദാമിനി 8 ലക്ഷം രൂപ മുടക്കി ഫോഡിന്റെ ഒരു വാഹനം സ്വന്തമാക്കുന്നത്. ഷോറൂം അധികൃതർ വാഹനത്തിന് 32 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്ന് അറിയിച്ചു. എന്നാൽ വാഹനം വാങ്ങി ഓടിച്ചു തുടങ്ങിയപ്പോഴാണ് പറഞ്ഞത് കളവാണെന്ന് തിരിച്ചറിയുന്നത്. ഇതോടെയാണ് സൗദാമിനി പരാതിയുമായി കോടതിയെ സമീപിച്ചത്. തുടർന്ന് വാഹനത്തിന്റെ മൈലേജ് പരിശോധിക്കാൻ കോടതി കമ്മീഷനെ ചുമതലപ്പെടുത്തി. കാറിന് 19 കിലോമീറ്ററില്‍ താഴെയാണ് മൈലേജ് എന്ന് കമ്മീഷന്‍ കണ്ടെത്തി. ഇതോടെയാണ് കാർ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്.