ന്യൂയോർക്കിലെ ജനങ്ങൾക്ക് അങ്ങേയറ്റം പുതുമയുള്ള ഒരു ജോലി കഴിഞ്ഞ ദിവസം അവിടത്തെ മേയർ പരിചയപ്പെടുത്തി. സംഭവം നിസ്സാരമാണ് എലിയെ പിടിക്കുക എന്നതാണ് ജോലി. ഇതിന് നിങ്ങൾ തയ്യാറാണെങ്കിൽ ഉയർന്ന ശമ്പളവും ലഭിക്കും. മേയർ എറിക് ആഡംസ് ആണ് ഈ പുതിയ ജോലിയെക്കുറിച്ച് നാട്ടുകാരുടെ മുന്നിൽ അവതരിപ്പിച്ചത്.
ന്യൂയോർക്ക് ഇപ്പോൾ നേരിടുന്ന എലിശല്യം വളരെ രൂക്ഷമാണ്. ഇത് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ സമീപനം ഉണ്ടായിരിക്കുന്നത്. ഈ ജോലിക്ക് അധികൃതർ നൽകിയിരിക്കുന്ന പേര് ഡയറക്ടർ ഓഫ് റോഡന്റ് മിറ്റിഗേഷൻ എന്നാണ്. ഉയർന്ന ശമ്പളമാണ് ജോലിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.120,000 മുതൽ170,000 വരെ ഡോളറാണ് ഇതിന് വാക്‍ദാനം ചെയ്തിരിക്കുന്ന ശമ്പളം. നഗരത്തിലുള്ള ജനങ്ങൾ ഇതിനായി തയ്യാറെടുത്ത് മുന്നോട്ടു വരണമെന്നും മേയർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ കുറച്ചു നാളുകളായി ഇവിടുത്തെ പാർക്കിലും പൊതു സ്ഥലങ്ങളിലും നടപ്പാതകളിലും ഒക്കെ വലിയ തോതിലാണ് എലികൾ പെറ്റു പെരുകിയത്. ഇതോടെയാണ് ഇത്തരമൊരു ഉദ്യമത്തിന് അധികൃതർ ഇറങ്ങിത്തിരിച്ചത്.
നിലവിലുള്ള എലികളുടെ എണ്ണം കുറച്ച് പൊതുസ്ഥലങ്ങളിലെ ശുചിത്വം വർദ്ധിപ്പിക്കുകയും അതിലൂടെ പകർച്ചവ്യാധികൾ തടയുകയുമാണ് അധികൃതര്‍ ലക്ഷ്യം വയ്ക്കുന്നത് . എലിയെ പിടിക്കുന്നതിനുള്ള ഉപകരണങ്ങളും മറ്റ് എല്ലാവിധ സഹായങ്ങളും ഗവൺമെന്റിന്റെ ഭാഗത്തു നിന്നും ലഭിക്കുമെന്ന് മേയർ ഉറപ്പു നൽകി.
ന്യൂയോർക്കില്‍ എല്ലാകാലത്തും ഉള്ള ഒരു പ്രധാന പ്രശ്നമാണ് വർദ്ധിച്ചു വരുന്ന എലിശല്യം. ഇതിനെ നിയന്ത്രിക്കുന്നതിന് വേണ്ടി അധികൃതരുടെ ഭാഗത്തു നിന്നും പല ഇടപെടലുകളും ഉണ്ടാകാറുണ്ടെങ്കിലും എലികളുടെ എണ്ണത്തിന് ഇതുവരെ യാതൊരു കുറവും സംഭവിച്ചിട്ടില്ല. മുൻപൊരിക്കൽ എലികളുടെ ശല്യം കാരണം ഇവയെ ഇല്ലാതാക്കുന്നതിന് വിഷ സൂപ്പുകൾ നിറച്ച ബക്കറ്റുകൾ നഗരത്തിൽ അങ്ങോളമിങ്ങോളം സ്ഥാപിച്ചിരുന്നു. പക്ഷേ അതും ഫലം കണ്ടില്ല. ഇതോടെയാണ് പുതിയ ആശയവുമായി അധികൃതര്‍ മുന്നോട്ട് വന്നത്.