ഭൂമിയെ മനുഷ്യ വാസത്തിന് യോഗ്യമായ ഗ്രഹമാക്കി മാറ്റുന്നത് ഭൂമിയിലെ അന്തരീക്ഷത്തിന്റെ പ്രത്യേകതയും ഓക്സിജന്റെ അളവുമാണ്. അന്തരീക്ഷ വായുവിൽ ഉള്ള മൂലകങ്ങളിൽ 21 ശതമാനത്തോളം ഓക്സിജനാണ് ഉള്ളത്. എന്നാൽ 2.8 ബില്യൺ വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ ഓക്സിജന്റെ അളവ് തീരെ കുറവായിരുന്നു. പിന്നീട് എങ്ങനെയാണ് അന്തരീക്ഷത്തിൽ ഇത്ര വലിയതോതിൽ ഓക്സിജൻ നിറഞ്ഞത്. ഭൂമിയിൽ എങ്ങനെയാണ് ഇത്രത്തോളം ഓക്സിജൻ നിറഞ്ഞത് എന്നതിനെക്കുറിച്ച് അടുത്തിടെ പുറത്തു വന്ന ഒരു ഗവേഷണ റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. ഗവേഷകരുടെ അഭിപ്രായത്തിൽ ആദ്യകാലത്ത് ഭൂമിയിൽ ഉണ്ടായി ഓക്സിജനിൽ ചിലതെങ്കിലും ശിലാപാളികളിൽ നിന്നും ഭൂമിയുടെ പുറം തോടിന്റെ ചലനം മൂലമോ നാശം സംഭവിച്ചതിലൂടെയോ ഉണ്ടായതായിരിക്കാം എന്നാണ് കരുതപ്പെടുന്നത്.
2.8 മില്യൻ വർഷങ്ങൾക്കു മുമ്പുള്ള ഭൂമിയെ ആർക്കിയൻ ഭൂമി എന്നാണ് ഗവേഷകർ വിളിക്കുന്നത്. അന്ന് ഭൂമി ഒരു തികഞ്ഞ ജലഗ്രഹമായിരുന്നു. സമുദ്രം പച്ച നിറത്തിലായിരുന്നു കാണപ്പെടുന്നത്. മീഥൈൻ മൂടൽമഞ്ഞാൽ ഭൂമി പൊതിയപ്പെട്ടിരുന്നു. 2750 മുതൽ 2670 ലക്ഷം വരെ പഴക്കമുള്ള ഗ്രാനിറ്റോയിഡ് പാറകളുടെ സാമ്പിളുകൾ ശേഖരിച്ച് നടത്തിയ പഠനത്തിലാണ് ഭൂമിയുടെ അന്നത്തെ അവസ്ഥയെ കുറിച്ചുള്ള വിവരങ്ങൾ ഗവേഷകർക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. ഗ്രാനിറ്റോയിഡ് പാറകളിലുള്ള ഓക്സീകരണനില അളക്കുക അത്ര എളുപ്പമായിരുന്നില്ല എങ്കിലും ഇതുവഴി ഭൂമിയുടെ ഓക്സിജന്റെ ഉത്ഭവത്തെ കുറിച്ചുള്ള കാരണം കണ്ടെത്താൻ ഒരുപരിധി വരെ സഹായിക്കും എന്നാണ് ഗവേഷകർ കരുതുന്നത്. ഈ ഗ്രാനിറ്റോയിഡ് പാറകള്‍ പഠിക്കുന്നതിലൂടെ മറ്റ് ഗ്രഹങ്ങളിൽ എന്തുകൊണ്ടാണ് ഓക്‌സിജന്‍ ഇല്ലാതിരിക്കുന്നതെന്നും ജീവന്റെ സാധ്യത കുറവുള്ളത് എന്നും കണ്ടെത്താൻ കഴിയും എന്നാണ് ശാസ്ത്രലോകം വിശ്വസിക്കുന്നത്.