നെച്ചുള്ളിയില്‍ നിന്നും 12 വർഷം മുൻപ് കാണാതായ തന്റെ അമ്മയ്ക്കും സഹോദരിക്കും വേണ്ടിയുള്ള കാത്തിരുപ്പ് 28 കാരനായ മുഹമ്മദ് അനീസ് ഇപ്പൊഴും തുടരുന്നു. ഭർത്താവിന്റെ സഹോദരന്റെ ഒപ്പം പോയ യുവതിയെയും മകളെയും കുറിച്ച് ഇപ്പോഴും ഒരു വിവരവും ആർക്കും ലഭിച്ചിട്ടില്ല. പോലീസിൽ പരാതി നൽകിയിട്ടും അവരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
2012 നവംബർ 17നാണ് പരേതനായ അഷ്റഫിന്റെ ഭാര്യ സൈനബയും മകൾ ഫർസാന എന്ന 16 കാരിയും കൂടി തീർഥാടനത്തിന് ആണെന്ന് പറഞ്ഞു ഭർത്താവിന്റെ സഹോദരനായ അബ്ദുട്ടിയുടെ കൂടെ വീട്ടിൽ നിന്നും യാത്ര തിരിക്കുന്നത്. ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കഴിഞ്ഞിട്ടും അവർ മടങ്ങിയെത്തിയില്ല. അവരെ കുറിച്ച് പിന്നീട് ഒരു വിവരവും ആർക്കും ലഭിച്ചില്ല. പോലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നു പോലും അറിയില്ല.
ഇരുവരെയും കാണാതായി ഒരു വർഷം കഴിഞ്ഞപ്പോൾ ദക്ഷിണ കർണാടകത്തിലെ പുത്തൂർ പോലീസ് സ്റ്റേഷനിൽ പരിധിയിൽ ഒരു സ്ത്രീയുടെയും പെൺകുട്ടിയുടെയും മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കുടുംബാംഗങ്ങൾ അവിടെ എത്തിയിരുന്നു. മരിച്ച് കുറച്ചു ദിവസങ്ങൾ കഴിഞ്ഞതിനു ശേഷം എടുത്ത ഫോട്ടോ ആയതുകൊണ്ട് ഇത് അമ്മയും സഹോദരിയും ആണോ എന്ന് മുഹമ്മദ് അനീസിന് ഉറപ്പിക്കാന്‍ കഴിഞ്ഞില്ല. ഇരുവരെയും കാണാതായതിന് ശേഷം ഭർത്താവിന്റെ അനിയനായ അബ്ദുട്ടി പലതവണ നാട്ടിൽ വന്നു പോയിരുന്നു. എന്നാൽ മണ്ണാർക്കാട് പോലീസ് അബ്ദുട്ടിയെ ഇതുവരെ ചോദ്യം ചെയ്യാൻ തയ്യാറാകാത്തതിൽ ദുരൂഹതയുണ്ടെന്ന് കുടുംബം പറയുന്നു. തന്റെ അമ്മയും സഹോദരിയും മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയാതെ കാത്തിരിക്കുകയാണ് ഇപ്പോഴും മകൻ മുഹമ്മദ് അനീസും മറ്റു ബന്ധുക്കളും.