അബുദാബിയിൽ നടക്കുന്ന ബിഗ് ടിക്കറ്റ് മത്സരങ്ങളിൽ പലപ്പോഴും ഭാഗ്യം തുണയ്ക്കാറുള്ളത് ഇന്ത്യക്കാരെയാണ് എന്ന തരത്തിൽ ഒരു സംസാരം തന്നെ നിലവിലുണ്ട്. ഇതുവരെയുള്ള വിജയികളിൽ ഭൂരിഭാഗം പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്. നിരവധി മലയാളികളും വിജയികളായിട്ടുണ്ട്. തുടർച്ചയായി ഇന്ത്യയിൽ നിന്നുള്ളവർക്കാണ് ബിഗ് ടിക്കറ്റ് മത്സരങ്ങളിൽ ഒന്നാം സമ്മാനം ലഭിക്കാറുള്ളത്. കഴിഞ്ഞ രണ്ട് മാസങ്ങളിലും തുടർച്ചയായ രണ്ടു പ്രാവശ്യം ഒന്നാം സമ്മാനം ലഭിച്ചത് മലയാളിക്കായിരുന്നു. ഇപ്പോഴിതാ 246ആം തത്സമയ നറുക്കെടുപ്പിൽ 3 കോടി ദിർഹം ഒരു ഇന്ത്യക്കാരനു ലഭിച്ചിരിക്കുകയാണ്. ഷാർജയിൽ കാർ വാഷിംഗ് സെൻറ്ററില്‍ സൂപ്പർവൈസർ ആയി ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശി ഖാദർ ഹുസൈനാണ് ഇത്തവണത്തെ വിജയി. 66 കോടി ഇന്ത്യൻ രൂപയാണ് സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായ 10 ലക്ഷം ദിർഹം ലഭിച്ചത് മലയാളിയായ തോമസ് ഉള്ളുക്കാരനാണ്.
ഒന്നാം സമ്മാന വിജയിയായ ഖാദറിനു പ്രതിമാസം 1500 ദിർഹമാണ് ശമ്പളം. അതുകൊണ്ടുതന്നെ ഇത്രയും വലിയ ഒരു തുക സ്വന്തമാക്കാൻ കഴിയുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല എന്ന് ഖാദർ പറയുന്നു. ഒന്നാം സമ്മാനം ലഭിക്കുമ്പോൾ ഖാദർ വെക്കേഷന് തമിഴ്നാട്ടിലെ വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. ഖാദര്‍ തന്‍റെ സുഹൃത്തായ ദേവരാജനുമായി ചേർന്നാണ് ടിക്കറ്റ് എടുത്തത്. ടിക്കറ്റ് തുക ഇരുവരും തുല്യമായി പങ്കിട്ടെടുക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. ഈ നറുക്കെടുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് ഇത്തവണ സമ്മാനമായി ലഭിച്ചിട്ടുള്ളത്. ജീവിതകാലം മുഴുവനും ജോലി ചെയ്താൽ പോലും സമ്പാദിക്കാൻ കഴിയാത്ത അത്ര തുകയാണ് ലഭിച്ചതെന്ന് ഖാദർ പറയുന്നു.
യു എ ഇയിൽ തന്നെ താമസം തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും കുടുംബത്തെ ഉൾപ്പെടെ യു എ യിലേക്ക് കൊണ്ടുവരണമെന്നും ഖാദർ പറയുന്നു. സ്വന്തമായി ഒരു വീട് നിർമ്മിക്കണം. ഇപ്പോഴുള്ള കാർ വാഷിംഗ് ജോലി ഉപേക്ഷിച്ച് സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനും ഖാദർ പദ്ധതിയിടുന്നുണ്ട്.