ആഴങ്ങളിൽ മറഞ്ഞിരിക്കുന്നു നിധി എല്ലാ കാലത്തും മനുഷ്യന്റെ വിദൂര സ്വപ്നങ്ങളുടെ ഭാഗമാണ്. നിധിയും നിധിയെ ചുറ്റിപ്പറ്റിയുള്ള മുത്തശ്ശി കഥകളും നമ്മുടെ സമൂഹത്തിൽ പ്രചുര പ്രചാരം നേടിയിട്ടുണ്ട്. കുട്ടിക്കാലത്ത് നിധി കിട്ടിയതിനെ കുറിച്ചുള്ള നിരവധി കഥകൾ കേള്‍ക്കുമ്പോള്‍ ഒരിക്കലെങ്കിലും നിധി കിട്ടണമെന്ന് നമ്മളില്‍ ചിലരെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാവും. നിധി കിട്ടി ജീവിതം തന്നെ മാറി മറിഞ്ഞ പലരെയും കുറിച്ച് കേട്ടിട്ടുണ്ട്. അപ്പോൾ അത്തരമൊരു സംഭവം ശരിക്കും ഉണ്ടായാലോ. ആന്ധ്ര പ്രദേശിൽ നിന്നും നിധി കിട്ടിയ ഒരു വാർത്ത കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ആന്ധ്രയിലെ എടുവടല പാലം ഗ്രാമത്തിലുള്ള സത്യനാരായണന്‍ എന്ന ആളിനാണ് അപ്രതീക്ഷിതമായി ഭാഗ്യം തേടിയെത്തിയത്. ഇയാള്‍ തന്‍റെ വയലിൽ കുഴൽ കിണറിന് വേണ്ടുന്ന പൈപ്പ് ലൈൻ കുഴിക്കുന്നതിനിടെ നിധി കിട്ടിയത്. പൈപ്പ് ഇടുന്നതിന് നിലം കുഴിക്കുന്നതിനിടെ ഇയാൾക്ക് ഒരു മൺപാത്രം ലഭിച്ചു. ഇതിനുള്ളില്‍ എന്താണെന്ന് പരിശോധിച്ചപ്പോൾ ശരിക്കും ഞെട്ടിപ്പോയി. ആ മൺപാത്രം നിറയെ സ്വർണ്ണ നാണയങ്ങൾ ആയിരുന്നു. ഒന്നും രണ്ടുമല്ല 18 ഓളം സ്വർണ്ണ നാണയങ്ങളാണ് ആ മൺപാത്രത്തിനുള്ളിൽ ഉണ്ടായിരുന്നത്. ഇത് 61 ഗ്രാം ഉണ്ടായിരുന്നു.
പക്ഷേ ഇയാള്‍ ഈ വിവരം രഹസ്യമാക്കി വയ്ക്കാന്‍ തയ്യാറായില്ല. സ്വർണ്ണ നാണയം കിട്ടിയ വിവരം ഇദ്ദേഹം ഉടൻ തന്നെ സ്ഥലത്തെ തഹസിൽദാറിനെ അറിയിച്ചു. പിന്നീട് ഈ നാണയങ്ങളെല്ലാം കളക്ടറുടെ ഓഫീസിൽ എത്തി കൈമാറുകയും ചെയ്തു. സംഭവം വലിയ വാർത്ത ആയതോടെ ഇനിയും ഈ പ്രദേശത്ത് സ്വർണ്ണ നാണയങ്ങൾ ഉണ്ടാകും എന്നാണ് പ്രദേശവാസികൾ പ്രതീക്ഷിക്കുന്നത്. ഇതോടെ പലരും തങ്ങളുടെ കൈവശമുള്ള സ്ഥലം ഒന്ന് കുഴിച്ചു നോക്കാൻ ഉള്ള ഒരുക്കത്തിലാണ്.