സമയം നോക്കുക എന്നതിനപ്പുറം ഒരു ആഭരണം ആയാണ് പലപ്പോഴും വാച്ചുകളെ പരിഗണിക്കുന്നത്. സ്റ്റാറ്റസ് സിംബലായി വാച്ചിനെ കാണാറുണ്ട്. നമ്മൾ ചിന്തിക്കുന്നതിനുമപ്പുറമാണ് പല വാച്ചുകളുടെയും മൂല്യം. ഇന്ന് ഒരു മൊബൈലില്‍ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഉള്ള സ്മാർട്ട് വാച്ചുകൾ വിപണിയിൽ ലഭ്യമാണ്. പക്ഷേ അതിന് എത്രയോ മടങ്ങ് വിലയാണ് റോളക്സ്,പറ്റെക് ഫിലിപ്പ് പോലെയുള്ള വലിയ ബ്രാൻഡുകളുടെ വാച്ചുകൾക്ക് നൽകേണ്ടത്. ഇത്തരം വാച്ചുകൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന മെറ്റലും അതിൽ പതിപ്പിച്ചിരിക്കുന്ന രത്നങ്ങളുമാണ് അതിന്റെ മൂല്യം വർധിപ്പിക്കുന്നത്. അപ്പോൾ നമ്മൾ ചിന്തിച്ചേക്കാം ലോകത്തിലെ ഏറ്റവും വിലകൂടിയ വാച്ച് ഏതാണെന്ന്.
ഗ്രാഫ് ഡയമണ്ട്സ് ഹാലുസേഷൻ എന്നാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ വാച്ചന്റെ പേര്. 110 ക്യാരറ്റ് ഉള്ള അപൂർവ്വ ഇനം ഡയമണ്ടുകൾ ഉപയോഗിച്ചാണ് ഈ വാച്ച് നിർമ്മിച്ചിരിക്കുന്നത്. 55 മില്യൺ ഡോളറാണ് ഇതിന്റെ മൂല്യം. അതായത് 450 കോടി ഇന്ത്യൻ രൂപ. 2014 ലാണ് ഈ വാച്ച് നിർമ്മിക്കുന്നത്.
പക്ഷേ ഈ വാച്ച് വില്പനയ്ക്ക് വച്ചിട്ടില്ല എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. ബ്രിട്ടനിലെ ഒരു ജ്വല്ലറി കമ്പനിയാണ് ഈ വാച്ച് നിർമ്മിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മൂല്യമുള്ള വാച്ച് തങ്ങളുടെ പക്കൽ ഉണ്ടായിരിക്കണം എന്ന ഉദ്ദേശത്തോടുകൂടിയാണ് കമ്പനി ഇത്തരമൊരു ആഡംബര വാച്ച് നിർമ്മിച്ചത്.
പലനിറത്തിലുള്ള ഡയമണ്ണുകൾ പതിപ്പിച്ച ഈ വാച്ച് നിർമ്മിക്കാൻ ആയിരം മണിക്കൂർ വേണ്ടി വന്നു. ഇതേ കമ്പനിയുടെ തന്നെ വാച്ചാണ് വിലകൂടിയ വാച്ചിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ളത്. ഇതിൽ 182.9 6 ക്യാരറ്റ് വൈറ്റ് ഡയമണ്ടുകളും നടുക്കായി 38 ക്യാരറ്റുള്ള പിയർ ആകൃതിയിലുള്ള ഡയമണ്ടും പതിപ്പിച്ചിട്ടുണ്ട്. 40 മില്ല്യൺ ഡോളറാണ് ഇതിന്റെ മൂല്യം.
ഇതുവരെ വിൽപ്പന നടത്തിയതിൽ വെച്ച് ഏറ്റവും വിലകൂടിയ വാച്ച് വിറ്റത് പട്ടേക്ക് ഫിലിപ്പ് എന്ന ആഡംബര വാച്ച് കമ്പനിയാണ്. 31.19 മില്യൺ ഡോളറിനാണ് ഈ വാച്ച് വിറ്റത്.