തട്ടിപ്പ് സംഘങ്ങൾ നാട്ടിൽ സജീവമാകുന്നതായി പരാതി. ഇതിനായി നൂതനമായ മാർഗങ്ങളാണ് ഇവർ തെരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം എറണാകുളം കാലടി സ്വദേശിയായ റോയിക്ക് തപാൽ മുഖേന ഒരു സ്ക്രാച്ച് ആന്‍ഡ് വിന്‍ കാര്‍ഡ് ലഭിച്ചു. ഇദ്ദേഹം കാർഡ് സ്ക്രാച്ച് ചെയ്തു നോക്കിയപ്പോൾ 16 ലക്ഷം രൂപയുടെ വില കൂടിയ വാഹനം സമ്മാനമായി കിട്ടി എന്ന് കണ്ടു. വാഹനം കയ്യിൽ കിട്ടുന്നതിന് എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നും ഈ കാർഡിൽ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. വളരെ ഭാഗ്യവാനായ കസ്റ്റമർ ആയതുകൊണ്ടാണ് പ്രത്യേകം ഉള്ള നറുക്കെടുപ്പിൽ പെട്ടതും വിജയിയായതും എന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു. ബാങ്ക് അക്കൗണ്ട് ഉള്‍പ്പടെ വിശദമായ വിവരങ്ങൾ അയച്ചുകൊടുക്കണമെന്ന് കാർഡിൽ പറഞ്ഞിട്ടുണ്ട്.
തുടർന്ന് ബാങ്കിന്റെ പേര് ബ്രാഞ്ച് അക്കൗണ്ട് നമ്പർ , ഐ എഫ് എസ് സി കോഡ് , തുടങ്ങിയവയെല്ലാം തട്ടിപ്പ് സംഘം ആവശ്യപ്പെടുന്നു. കാർഡ് ലഭിച്ചത് ഒരു പ്രമുഖ ഓൺലൈൻ വ്യാപന സൈറ്റിന്റെ പേരിലായിരുന്നു. പക്ഷേ റോയിക്ക് എന്തോ പന്തികേട് തോന്നി. അതുകൊണ്ട് മാത്രമാണ് റോയി ഈ തട്ടിപ്പിൽ ഉൾപ്പെടാതെ പോയത്.
ഈ തട്ടിപ്പ് സംഘം സമ്മാനം ലഭിക്കുന്നതിന് ചില തുകകൾ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. കൂടാതെ ബാങ്ക് വിവരങ്ങളും മറ്റും ലഭിക്കുന്നതോടെ കൂടുതൽ തട്ടിപ്പിന് കളം ഒരുങ്ങുകയും ചെയ്യും . പിന്നീട്
മൊബൈലിലേക്ക് വരുന്ന ഒടിപി വാങ്ങി പണം അവരുടെ അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും ചെയ്യും. ഇത്തരത്തിലുള്ള തട്ടിപ്പുകൾ ഇപ്പോൾ വ്യാപകമാണെന്നും ജനം ഇതിനെ വളരെ ജാഗ്രതയോടെ തന്നെ കാണണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.