ശബരിമല തീർത്ഥാടകരെ കെ എസ് ആർ ടിസി ലോകത്തെങ്ങും നിലവില്ലാത്ത നിയമങ്ങൾ പറഞ്ഞു കൊള്ളയടിക്കുന്നതായി പരാതി. പമ്പയിൽ നിന്നും ആരംഭിക്കുന്ന ബസ്സിൽ യാത്ര ചെയ്യാൻ ബസ്സിന്റെ അവസാനത്തെ പോയിന്റ് എവിടെയാണ് അവിടം വരെയുള്ള ചാർജ് നൽകണം എന്നാണ് കെ എസ് ആർ ടി സി പറയുന്നത്. അതായത് പമ്പയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ബസിൽ കയറി ഇടയ്ക്കുള്ള സ്ഥലത്തിറങ്ങിയാൽപ്പോലും തിരുവനന്തപുരം വരെയുള്ള ചാർജ്
നൽകണമെന്ന് ചുരുക്കം. ഇത് ലോകത്തൊരിടത്തും നിലവിലില്ലാത്ത രീതിയാണ്. കെ എസ് ആർ ടി സി പമ്പയിൽ നിന്ന് സർവീസ് നടത്തുന്നത് തിരുവനന്തപുരം , കൊല്ലം , കോട്ടയം , എറണാകുളം , പത്തനംതിട്ട , ചെങ്ങന്നൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് മാത്രമാണ്. എന്നാൽ ഇതിനിടയിൽ ഉള്ള സ്ഥലങ്ങളില്‍ ഇറങ്ങേണ്ട തീർത്ഥാടകർ അധിക തുക നൽകണം എന്ന് പറയുന്നത് എങ്ങനെ അംഗരിക്കാനാകും എന്നാണ് എല്ലാവരും ഒരേ സ്വരത്തിൽ ചോദിക്കുന്നത്. വരുമാനം വർദ്ധിപ്പിക്കാനുള്ള കെഎസ്ആർടിസിയുടെ ഗൂഢ തന്ത്രമാണ് ഇതെന്നാണ് വലിയൊരു വിഭാഗവും ആരോപിക്കുന്നത്.
ചെങ്ങന്നൂർ ഡിപ്പോയിൽ നിന്നുള്ള ബസ്സുകളിൽ കുട്ടികൾക്ക് ഹാഫ് ടിക്കറ്റ് നൽകുന്നില്ലെന്ന പരാതിയുമുണ്ട്. അയ്യപ്പഭക്തരോട് ഒരുതരത്തിലുമുള്ള മാനുഷിക പരിഗണനയും കെഎസ് ആർ ടി സിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന ആരോപണവും ശക്തമാണ്. പത്തനംതിട്ടയിൽ നിന്നും പമ്പയിലേക്ക് പോകുന്ന ബസ്സുകൾ തീർഥാടകർ നിറഞ്ഞാല്‍ മാത്രമേ പുറപ്പെടുകയുള്ളൂ. മുഴുവൻ സീറ്റിലും ആള് നിറഞ്ഞു എന്ന് അറിഞ്ഞതിൽ മാത്രമേ ബസ് എടുക്കൂ. തീർത്ഥാടകർ ബസ്സിൽ കയറിയിരിക്കുമ്പോൾ ചെങ്ങന്നൂരിൽ നിന്ന് ബസ് വന്നാൽ ചിലർ അതിൽ കയറും. വീണ്ടും ട്രിപ്പ് വൈകുകയും ചെയ്യും. ഇതോടെ യാത്ര മണിക്കൂറുകൾ വൈകും എന്ന് ചുരുക്കം.
എന്നാൽ പമ്പയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ബസ്സിൽ പത്തനം തിട്ടയിൽ നിന്നും ഉള്ളവർ കയറുന്നത് വരുമാനം കുറയ്ക്കുമെന്നും അതുകൊണ്ടാണ് അധിക ചാർജ് ഈടാക്കുന്നത് എന്നുമാണ് കെഎസ്ആർടിസിയുടെ പക്ഷം.