വിവാഹ ജീവിതം 79 വർഷം പൂർത്തിയാക്കിയ ദമ്പതികൾ ഒരേ ആശുപത്രിയിൽ വച്ച് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ലോകത്തിൽ നിന്നും യാത്രയായി. അമേരിക്കയിലെ ഓഹിയോ സ്വദേശികളായ ജൂൺ, ഹൂബാർട്ട് മാലിക്കോട്ട് ദമ്പതികളാണ് മണിക്കൂറുകളുടെ മാത്രം വ്യത്യാസത്തിൽ മരണത്തിന് കീഴടങ്ങിയത്. ഇവർക്ക് മൂന്ന് മക്കളും 11 കൊച്ചുമക്കളുമുണ്ട്.
കഴിഞ്ഞ ഒരാഴ്ചയായി വാർദ്ധക്യ സഹജമായ അസുഖം മൂലം ഈ വൃദ്ധ ദമ്പതികൾ ഹോസ്പിറ്റലിൽ ഒരേ മുറിയിൽ അബോധാവസ്ഥയിൽ കഴിഞ്ഞു വരുന്നതിനിടെയാണ് മരണം സംഭവിക്കുന്നത്. ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത് 1941ൽ അമേരിക്കയിലെ ഒരു പള്ളിയിൽ വച്ചാണ്. പള്ളിയില്‍ പതിവായി എത്തുന്ന ഇവര്‍ വളരെ വേഗം തന്നെ അടുത്തു. ഒരു വർഷത്തെ പ്രണയത്തിനു ശേഷം ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടന്നു. വിവാഹം കഴിക്കുമ്പോൾ ഹൂബർട്ടിന്റെ പ്രായം 20 വയസ്സായിരുന്നു. അന്ന് അദ്ദേഹം നേവിയിലായിരുന്നു ജോലി ചെയ്തിരുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഹൂബര്‍ട്ട് യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്.
ജോലിയിൽ നിന്നും വിരമിച്ചതിനു ശേഷം ഇരുവരും ഹാമിൾട്ടണിലേക്ക് താമസം മാറി. രണ്ടാം ലോക മഹായുദ്ധ കാലത്ത് ജൂൺ ടോർപ്പിഡോ കമ്പനിയിൽ ജോലി ചെയ്തിരുന്നു. പതിറ്റാണ്ടുകൾ നീണ്ടു നിന്ന ഇവരുടെ ദാമ്പത്യത്തിൽ പൊതുവേ പിണക്കങ്ങൾ കുറവായിരുന്നുവെന്ന് ഇവരുടെ ബന്ധുക്കള്‍ പറയുന്നു. ഇരുവരുടെയും മകൻ ഈയിടെയാണ് മരണപ്പെട്ടത്. ഇതിന്റെ വിഷമത്തിൽ ആയിരുന്നു ഈ ദമ്പതികൾ. ഈ ദമ്പതികളുടെ മരണ വാർത്ത ഒട്ടുമിക്ക മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെയാണ് നൽകിയത്. ഇരുവരെയും കുറിച്ച് ഒരു ഡോകുമെന്‍ററിയും പുറത്തു വന്നിരുന്നു.