വിദ്യാർത്ഥിയുടെ അച്ഛൻ രോഗബാധിതനായതിനെ തുടർന്ന് പഠനം ബുദ്ധിമുട്ടിലായ കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി അധ്യാപിക മാതൃകയായി. തൃശ്ശൂർ വെള്ളാങ്കല്ലൂർ സ്കൂളിലെ ടീച്ചറായ ധന്യയാണ് പഠനം പ്രതിസന്ധിയിലായ കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്ന് പഠിപ്പിക്കാൻ തീരുമാനിച്ചത്. നാലാം ക്ലാസിലെ ക്ലാസ് ടീച്ചറായ ധന്യയാണ് ക്ലാസിലെ കുട്ടിക്ക് രക്ഷകയായി മാറിയത്. ടീച്ചറുടെ മകനും ഇതേ സ്കൂളിൽ തന്നെയാണ് പഠിക്കുന്നത്.
ടീച്ചറുടെ ക്ലാസിലെ ഒരു കുട്ടിയുടെ അച്ഛൻ അസുഖ ബാധിതനായതിനെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ആണ്. സ്കൂളിൽനിന്ന് എല്ലാവരും അദ്ദേഹത്തെ ആശുപത്രിയിൽ എത്തി കണ്ടിരുന്നു. അവരുടെ ജീവിതത്തെ കുറിച്ച് മനസ്സിലാക്കിയ ടീച്ചർ കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്ന് സ്വന്തം മകന്റെ ഒപ്പം നിർത്തി പഠനത്തിനുള്ള സൗകര്യം ഒരുക്കി കൊടുക്കുകയായിരുന്നു.
തൻ ശനിയാഴ്ച ആശുപത്രിയിൽ എത്തുമ്പോൾ കുട്ടിയുടെ അച്ഛൻ ഐ സി യുവിൽ ആയിരുന്നു. താനും എച്ച് എം ഷീബ ടീച്ചറും കൂടിയാണ് ആശുപത്രിയിൽ പോകുന്നത് എന്ന് ധന്യടീച്ചർ പറയുന്നു. പ്രത്യേകമായ റൂം എടുക്കുന്നതിനുള്ള യാതൊരു സൗകര്യവും ഇല്ലാത്തതുകൊണ്ട് കുട്ടിയും അമ്മയും വരാന്തയിൽ തന്നെയാണ് കഴിഞ്ഞിരുന്നത്. അത്രയും ദിവസങ്ങളായി ഹോസ്പിറ്റലില്‍ നിൽക്കുന്ന കുട്ടിയുടെ അവസ്ഥ കണ്ടപ്പോൾ തന്നെ കൂടെ കൊണ്ടുവരണമെന്ന് എല്ലാവർക്കും ഉണ്ടായിരുന്നു. എന്നാൽ അച്ഛനെ ഇടയ്ക്ക് കാണണമെന്ന ആവശ്യം പറഞ്ഞു അവൻ ഒപ്പം വരാൻ തയ്യാറായില്ല. തിങ്കളാഴ്ചയോടെ കുട്ടിയുടെ അമ്മ തന്നെ വിളിച്ചു അവനെ കൂട്ടിക്കൊണ്ടുപോകാന്‍ പറഞ്ഞു. അങ്ങനെയാണ് താൻ കുട്ടിയെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോരുന്നതെന്ന് ധന്യ ടീച്ചർ പറയുന്നു.