നീണ്ട 65 വർഷത്തിനു ശേഷം ഫിലാഡൽഫിയ പോലീസ് ആ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തി. ബോയ് ഇന്‍ ദ ബോക്സ് എന്ന പേരിൽ പ്രശസ്തനായ ഒരു അജ്ഞാത ബാലനെ കുറിച്ചുള്ള വിവരങ്ങള്‍ വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് കണ്ടെത്തുന്നത്. 65 വർഷം മുൻപ് കൊല ചെയ്യപ്പെട്ട നിലയിൽ ഈ കുട്ടിയുടെ മൃതദേഹം ഒരു പെട്ടിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ഏറ്റവും ചിത്രകരമായ കാര്യം ഈ കുട്ടി ആരാണെന്നോ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നോ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ ഡിഎൻഎ പരിശോധനയിലൂടെയാണ് അമേരിക്കൻ പോലീസ് ആ കുരുക്കഴിച്ചത്.
മരിക്കുമ്പോൾ നാലു വയസ്സ് മാത്രം പ്രായമുള്ള ഈ കുട്ടിയുടെ പേര് ജോസഫ് അഗസ്റ്റസ് സാറല്ലി എന്നാണ്. 1953 ജനുവരി 13നാണ് കുട്ടി ജനിച്ചത്. മരിച്ചത് 1957 ഫെബ്രുവരി 25ന്. കുട്ടിയുടെ മൃതദേഹം ഒരു തുണിയിൽ പൊതിഞ്ഞ് ഒരു തടിപ്പട്ടിയിലാക്കി ആരോ റോഡരികിൽ ഉപേക്ഷിക്കുക ആയിരുന്നു. കുട്ടിയുടെ ചിത്രങ്ങൾ ഉൾപ്പെടെ പരസ്യപ്പെടുത്തി അന്വേഷണം നടത്തിയെങ്കിലും മാതാപിതാക്കൾ ആണെന്ന് അവകാശപ്പെട്ട് ആരും പോലീസിനെ ബന്ധപ്പെട്ടില്ല. ശക്തമായ അടിയേറ്റാണ് കുട്ടി മരിച്ചത് എന്ന് പോസ്റ്റ് മോർട്ടത്തിൽ തെളിഞ്ഞിരുന്നു. അന്ന് പേരും മറ്റു വിവരങ്ങളും ലഭിക്കാത്തത് കൊണ്ട് തന്നെ കുട്ടിയെ അടക്കം ചെയ്ത കല്ലറയുടെ മുകളിൽ അൺനോൺ ചൈൽഡ് എന്നാണ് എഴുതിയിരുന്നത്.
കുട്ടിയുടെ ദേഹമാസകലം പാടുകളും തലയിൽ അടിയേറ്റ് രക്തസ്രാവം ഉണ്ടായതിന്റെ ലക്ഷണങ്ങളും കണ്ടെത്തിയിരുന്നു. ശരീരത്തിൽ ശസ്ത്രക്രിയ നടത്തിയതിന്റെ പാടും ഉണ്ടായിരുന്നു. എന്നാൽ കുട്ടിയുടെ കുടുംബവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഒന്നും വെളിപ്പെടുത്താൻ പോലീസ് തയ്യാറായില്ല. കുട്ടിയുടെ മാതാപിതാക്കൾ നേരത്തെ തന്നെ മരിച്ചുപോയിരുന്നു. സഹോദരങ്ങൾ ഇപ്പോഴും ജീവിച്ചിരിക്കുന്നതായി പോലീസ് അറിയിച്ചു. ഐഡന്റിറ്റി തെളിഞ്ഞെങ്കിലും ആര്, എന്തിനുവേണ്ടി ഈ കുട്ടിയെ കൊലപ്പെടുത്തി എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.