വിവാഹമോചനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രാജ്യത്ത് ഒരു ഏകീകൃത നിയമം ആവശ്യമാണെന്നും അതു കൊണ്ടുവരുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്നും ഹൈക്കോടതി അറിയിച്ചു.
ക്രിസ്ത്യൻ വിവാഹമോചന നിയമം അനുസരിച്ച് ഭാര്യയുടെയും ഭർത്താവിന്റെയും സമ്മതം ഉണ്ടെങ്കിൽ പോലും വിവാഹ മോചനത്തിൽ ഹർജി നൽകുവാൻ വിവാഹം കഴിഞ്ഞ് ഒരു വർഷം വരെ കാത്തിരിക്കണം എന്നാണ് വ്യവസ്ഥ. ഇത് ഹൈക്കോടതി റദ്ദ് ചെയ്തു. തുടർന്നാണ് ഏകീകൃത ചട്ടം വിവാഹമോചന വിഷയങ്ങളിൽ കൊണ്ടു വരുന്ന കാര്യം പരിഗണിക്കണമെന്ന് ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചത്. നമ്മുടേത് ഒരു മതനിരപേക്ഷ സമൂഹമാണ്. അതുകൊണ്ടുതന്നെ നിയമത്തിന്റെ കാര്യത്തിൽ മതം അടിസ്ഥാനമാക്കിയുള്ള വേർതിരിവ് പാടില്ല. അതിന് നിയമപരമായ ഒരു സമീപനം ആവശ്യമാണ്. ദമ്പതികൾക്ക് വിവാഹ മോചനം തേടുന്നതിന് മതം ഒരു തടസ്സമാകാൻ പാടില്ല. മതത്തിന്റെ അടിസ്ഥാനത്തിലുള്ള വേർതിരിവ് ഒരിക്കലും ശരിയല്ലന്നും ഹൈക്കോടതി അറിയിച്ചു.
1859ലെ വിവാഹമോചന നിയമം 10 എ വ്യവസ്ഥ അനുസരിച്ച് ക്രിസ്ത്യൻ ദമ്പതികൾക്ക് കോടതി വഴി പരിഹാരം തേടാനുള്ള അവകാശം വിവാഹത്തിന് ശേഷമുള്ള ഒരു ആദ്യത്തെ ഒരു വർഷത്തേക്ക് നിഷേധിക്കുന്നുണ്ട്. ഈ വ്യവസ്ഥയാണ് ജസ്റ്റിസ് ശോഭ അന്നമ്മ, ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് റദ്ദ് ചെയ്തത്.
കോടതിയെ സമീപിച്ച് പരിഹാരം തേടുന്നത് ഒരു വ്യക്തിയുടെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ്. ഇത് ഹനിക്കുന്ന നടപടി വ്യക്തി സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണെന്ന് കോടതി നിരീക്ഷിച്ചു. വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിയുന്നതിനു മുന്പ് കോടതിയെ സമീപിക്കാനുള്ള അവസരം ഇല്ലാതാകുന്നത് അനുവദിക്കാൻ കഴിയില്ല. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനു മുമ്പ് കോടതികൾക്ക് കേസ് പരിഗണിക്കാൻ കഴിയുമെന്ന് സ്പെഷ്യൽ മാരേജ് ഹിന്ദു മാരേജ് ആക്ടിലും വ്യവസ്ഥ ഉണ്ടെന്നിരിക്കെ അതിന് അവസരം അനുവദിക്കാതെ വിവാഹമോചന നിയമത്തിലെ 10 എ (1) എന്ന നിയമ വ്യവസ്ഥ ഒരു തരത്തിലും അംഗീകരിക്കാൻ ആവില്ലന്നും കോടതി ചൂണ്ടിക്കാട്ടി.