ഏഴുവർഷമായി കിണറ്റിനുള്ളിൽ കഴിഞ്ഞ പൂച്ചക്കുഞ്ഞിനെ ഒടുവിൽ പുറത്തെത്തിച്ചു; സന്നദ്ധ സേനയ്ക്ക് നാട്ടുകാരുടെ കയ്യടി

മുക്കത്തെ ഉപയോഗ ശൂന്യമായ കിണറ്റിൽ വീണ് ഏഴു വർഷത്തോളം ദുരിതം അനുഭവിച്ച പൂച്ചയെ ഒടുവിൽ ഏറെ ശ്രമപ്പെട്ട് കരയ്ക്ക് എത്തിച്ച മുക്കം സന്നദ്ധ സേന പ്രവർത്തകർ കയ്യടി നേടി. ചേന്ദമംഗലൂർ റോഡിലുള്ള കണ്ടന്‍ കൊറ്റി ദമ്പതികളുടെ ഉപയോഗ ശൂന്യമായ കിണറ്റിൽ വീണ് വർഷങ്ങളോളം നരകയാതന അനുഭവിച്ച പൂച്ചയാണ് ഒടുവിൽ ഒരു കൂട്ടം സന്നദ്ധ പ്രവര്‍ത്തകരുടെ പ്രയത്നം മൂലം പുറംലോകം കണ്ടത്.

ഏഴുവർഷമായി കിണറ്റിനുള്ളിൽ കഴിഞ്ഞ പൂച്ചക്കുഞ്ഞിനെ ഒടുവിൽ പുറത്തെത്തിച്ചു; സന്നദ്ധ സേനയ്ക്ക് നാട്ടുകാരുടെ കയ്യടി 1

അബദ്ധത്തിൽ കിണറ്റിലേക്ക് വീണ പൂച്ചയെ രക്ഷിക്കാൻ എല്ലാ ശ്രമങ്ങളും വീട്ടുകാര്‍ നടത്തിയെങ്കിലും കഴിഞ്ഞിരുന്നില്ല. പൂച്ചക്ക് കിണറിന് വെളിയിലേക്ക് കയറിവരാനായി കവുങ്ങിന്റെ കഷ്ണങ്ങൾ ഇറക്കി നോക്കിയെങ്കിലും പൂച്ച അതില്‍ കയറി വന്നില്ല.  കിണറിന്റെ അടിഭാഗം പൊളിഞ്ഞ നിലയിൽ ആയതിനാൽ അതിലെ മാളത്തിൽ പൂച്ച അഭയം തേടുകയായിരുന്നു. എന്തൊക്കെ ശ്രമിച്ചിട്ടും പൂച്ചയെ പുറത്തെത്തിക്കാൻ കഴിഞ്ഞില്ല. ഇതോടെ പൂച്ചയെ രക്ഷപ്പെടുത്താൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ് വീട്ടുകാര്‍ പിൻവാങ്ങുകയായിരുന്നു. പിന്നീട് പൂച്ചയ്ക്ക് ഭക്ഷണം എത്തിക്കാനുള്ള എല്ലാ ശ്രമവും സ്ഥലം ഉടമയും കുടുംബവും നടത്തി. സ്ഥലം ഉടമയുടെ മകനായ സുനിൽകുമാറിന്റെയും മരുമകൾ ബേബിയുടെയും സുമതിയുടെയും പരിചരണത്തിൽ ഏഴ് വർഷത്തോളമാണ് പൂച്ച ഈ കിണറ്റിനുള്ളിൽ കഴിഞ്ഞത്. ആ പൂച്ചയെയാണ് മുക്കം സേന എന്ന സന്നദ്ധ സംഘടന ഏറെ ശ്രമപ്പെട്ട് പുറത്തെത്തിച്ചത്. ഏഴു വർഷത്തോളം ഒരു കിണറ്റിൽ പൂച്ച കഴിഞ്ഞു എന്നത് തന്നെ ഏവരെയും അമ്പരപ്പിച്ച കാര്യമാണ്.

പൂച്ചയെ രക്ഷിക്കാനായി മുക്കം സന്നദ്ധസേന സംഘം മുന്നിട്ട് ഇറങ്ങുക ആയിരുന്നു. മുക്കം സന്നദ്ധ സേന അംഗമായ കബീർ കയർകെട്ടി കിണറ്റിൽ ഇറങ്ങിയാണ് പൂച്ചയെ പുറത്തെത്തിച്ചത്.

Exit mobile version