രാജ്യത്ത് വർദ്ധിച്ചു വരുന്ന പുകയില ഉൽപ്പന്നങ്ങളുടെ ഉപഭോഗം നിയന്ത്രണ വിധേയമാക്കുന്നതിന് പുതിയ നിയമവുമായി കേന്ദ്രസർക്കാർ രംഗത്ത്. ഇതിന്റെ ഭാഗമായി ഇനി മുതൽ കടകളിലും ചെറു ഷോപ്പുകളിലും ഒറ്റ സിഗരറ്റുകൾ ആയി വിൽക്കുന്നത് നിരോധിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്ക്കാര്‍. സർക്കാരിനു മുന്നിൽ ഇത്തരം ഒരു നിർദ്ദേശം സമർപ്പിച്ചതിന് പിന്നിൽ പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റിയാണ്. ഇതിന്‍റെ ഭാഗമായി വിമാനത്താവളത്തിൽ ഉള്ള പുകവലി കേന്ദ്രങ്ങൾ നിരോധിക്കാനും സർക്കാർ പദ്ധതി ഇടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട തീരുമാനം ബഡ്ജറ്റ് സമ്മേളനത്തിന് മുൻപ് തന്നെ ഉണ്ടാകും എന്നാണ് അറിയുന്നത്.
പാർലമെന്റ് സ്റ്റാൻഡിങ് കമ്മറ്റി കേന്ദ്ര സർക്കാരിന് മുന്നിൽ വെച്ചിരിക്കുന്ന ശുപാർശാണ് രാജ്യത്ത് പുകവലി ഉപഭോഗം കൂടി വരുന്നത് നിയന്ത്രിക്കുന്നതിനുള്ള പുതിയ നീക്കത്തെ കുറിച്ച് സൂചന ഉള്ളത്. രാജ്യത്ത് ഒരു പാക്കറ്റ് സിഗരറ്റ് ഒന്നിച്ച് വാങ്ങി വലിക്കുന്നവരെക്കാള്‍ ഒന്നും രണ്ടും സിഗരറ്റുകൾ വാങ്ങുന്നവരാണ് കൂടുതൽ ഉള്ളത്. നിരവധി പേരും ഒറ്റ സിഗരറ്റ് ആയി വാങ്ങി വലിക്കുന്നവരാണ്. ഇതുതന്നെയാണ് പുകവലിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കാനും കാരണം എന്നാണ് പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റിയുടെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് വില്പന നിരോധിക്കണം എന്ന ആവശ്യവുമായി സ്റ്റാഡിങ് കമ്മറ്റി മുന്നോട്ടു വന്നത്. ഈ നിര്‍ദേശം കേന്ദ്രം അംഗീകരിക്കുകയാണെങ്കിൽ അധികം വൈകാതെ തന്നെ രാജ്യത്ത് ഒറ്റ സിഗരറ്റ് വിൽപ്പന നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങും എന്നാണ് കരുതുന്നത്. നേരത്തെ തന്നെ രാജ്യത്ത് ഇ-സിഗരറ്റുകളുടെ ഉപഭോഗം കേന്ദ്രം ഇടപെട്ട് നിരോധിച്ചിരുന്നു. അന്ന് ആരോഗ്യ മന്ത്രാലയം മുന്നോട്ടു വച്ച ശുപാർശ അനുസരിച്ച് ആയിരുന്നു ഈ നിരോധനം നിലവിൽ വന്നത്.