ദുബായിയുടെയും ദുബായ് വിമാനത്താവളത്തിന്റെയും വളർച്ച കൺമുന്നിൽ കണ്ട് വളർന്ന വ്യക്തിയാണ് ബാബു പുഷ്പാംഗദൻ. ബാബു ഇരിങ്ങാലക്കുട സ്വദേശിയാണ്. 42 വർഷം അദ്ദേഹം ദുബായ് വിമാനത്താവളത്തിന്റെ ഒപ്പം പ്രവർത്തിച്ചു. ഒടുവിൽ എന്നെന്നേക്കുമായി പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയാണ്.
1980 ലാണ് അദ്ദേഹം ആദ്യമായി ദുബായിൽ എത്തുന്നത്. കേരളത്തിൽ നിന്ന് മുംബൈ വരെ ട്രെയിനിൽ എത്തിയതിനു ശേഷം അവിടെ നിന്നും ഫ്ലൈറ്റിൽ ആണ് അദ്ദേഹം ദുബായിലേക്ക് പോകുന്നത്. തുടക്കത്തിൽ ദുബായിൽ ചില ചെറിയ ചില ജോലികൾ ചെയ്തു. അങ്ങനെയിരിക്കയാണ് വിമാനത്താവളത്തിൽ ജോലിയുണ്ടായിരുന്ന ബാബുവിന്റെ ചെറിയച്ഛൻ ചന്ദ്രൻ അദ്ദേഹത്തിന് എയർപോർട്ടിൽ പാസഞ്ചർ സർവീസിൽ ജോലി തരപ്പെടുത്തി കൊടുക്കുന്നത്. അദ്ദേഹം ജോലിക്ക് കയറുമ്പോൾ 17 ബേ മാത്രം ഉണ്ടായിരുന്നു ദുബായി വിമാനത്താവളം പിന്നീട് മൂന്ന് വലിയ ടെർമിനലിലേക്ക് വളർന്നു. ബാബുവും അതിന്റെ ഒപ്പം വളർന്നു. ദുബായ് വിമാനത്താവളത്തിന്റെ വളർച്ച അദ്ദേഹം നേരിട്ട് കണ്ടു.
ബാബു ദുബായ് എയർപോർട്ടിലെ സ്പെഷ്യൽ ഹാൻഡ്ലിംഗ് വിഭാഗത്തിൽ പാസഞ്ചർ എക്യുമെന്റ്റ് ഓപ്പറേറ്റർ ആയാണ് ജോലി ചെയ്തു വന്നിരുന്നത് . ഇത് പ്രായമുള്ളവർക്കും രോഗികൾക്കും സഹായം ഒരുക്കുന്ന പ്രത്യേക വിഭാഗമാണ്. നിരവധി തവണ ബാബുവിന് പ്രമോഷൻ ലഭിച്ചിരുന്നുവെങ്കിലും അദ്ദേഹം ഈ സെഷനിൽ നിന്ന് മാറാൻ തയ്യാറായില്ല. മനുഷ്യരെ സഹായിക്കുന്ന ജോലിയാണ് ഇത് എന്നും അതുകൊണ്ടുതന്നെ ഇതിൽ നിന്നും മാറാൻ തനിക്ക് മനസ്സ് അനുവദിച്ചില്ല എന്നും ബാബു പറയുന്നു. ഈ ജോലി നൽകുന്ന സംതൃപ്തി എത്ര വലിയ പ്രമോഷൻ ലഭിച്ചാലും കിട്ടില്ലെന്നും ബാബു വിശദമാക്കുന്നു.
ഇക്കാലയളവിനിടയിൽ നിരവധി വീ വീ ഐ പ്പികളെ കാണുവാനും അവർക്ക് സേവനം ഒരുക്കുവാനും അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടുണ്ട്. ദുബായ് ഭരണാധികാരി, ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി, ശ്രീലങ്കൻ പ്രധാനമന്ത്രി സീരിമാവോ ബണ്ഡാര നായകെ തുടങ്ങിയവർക്കൊക്കെ ബാബു സേവനം ചെയ്തു. ബാബുവിന്റെ ഭാര്യ നാട്ടിൽ അധ്യാപികയായിരുന്നു. ജോലിയിൽ നിന്നും റിട്ടയർ ചെയ്തതിനു ശേഷം ദുബായിൽ ബാബുവിന്റെ ഒപ്പമായിരുന്നു ഇവർ. മകൻ നിഖിൽ ഗവൺമെന്റ് സർവീസിലും മകൾ നിമിഷ ഖത്തറിലും ആണ് ജോലി ചെയ്യുന്നത്.