വിസ്മയം എന്നതിനപ്പുറം ഒരു വാക്കുണ്ടെങ്കിൽ അതാണ് തമിഴർക്ക് രജനികാന്ത്. അത്ഭുതത്തിനപ്പുറം ജീവിക്കുന്ന പ്രതിഭാസമാണ് അദ്ദേഹത്തെ അവർ കാണുന്നത്. ഇന്ത്യൻ സിനിമ ചരിത്രത്തിൽ അദ്ദേഹത്തോളം ആരാധകരെ സ്വന്തമാക്കിയ മറ്റൊരു നടനും ഇല്ല എന്ന് തന്നെ പറയാം. ഇങ്ങനെയൊക്കെയാണെങ്കിലും ഒരു ഘട്ടത്തിൽ സിനിമ തന്നെ എന്നന്നേക്കുമായി ഉപേക്ഷിക്കാം എന്ന തീരുമാനം അദ്ദേഹം എടുത്തിരുന്നു. തുടർച്ചയായ പരാജയങ്ങൾ മൂലം അദ്ദേഹത്തിന്റെ മനസ്സിലേക്ക് വന്ന ഒരു ചിന്തയായിരുന്നില്ല അത്. പടയപ്പ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷമാണ് അഭിനയം നിർത്താം എന്ന് അദ്ദേഹം തീരുമാനിക്കുന്നത്. തന്റെ ആത്മീയ ഗുരു എന്ന് കരുതിയിരുന്ന വ്യക്തിയാണ് അദ്ദേഹത്തെ ആ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കുന്നത്.
പടയപ്പയുടെ വിജയത്തിന് ശേഷം അമേരിക്കയിലെ ഒരു ആശ്രമത്തിൽ അദ്ദേഹം ഒരു മാസത്തോളം താമസിച്ചിരുന്നു. സിനിമ പൂർണമായും ഉപേക്ഷിക്കാം എന്ന ചിന്തയിലായിരുന്നു അപ്പോൾ അദ്ദേഹം. ഈ യാത്രയിൽ അദ്ദേഹം തന്റെ കയ്യിൽ യോഗിയുടെ ആത്മകഥ എന്ന പുസ്തകം കരുതിയിരുന്നു. പരമഹംസ യോഗാനന്ദന്റെ ആത്മകഥയായ ഒരു യോഗിയുടെ ആത്മകഥ എന്ന പുസ്തകത്തിൽ നിന്നാണ് അദ്ദേഹം മഹാവതാരമായ ബാബാജിയെ കുറിച്ച് മനസ്സിലാക്കുന്നത്. തുടർന്ന് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായ ചില അനുഭവങ്ങളിൽ നിന്നും അദ്ദേഹം ബാബാജിയുടെ ശിഷ്യനായി മാറി.
അങ്ങനെയാണ് അദ്ദേഹം വീണ്ടും അഭിനയിക്കാം എന്ന തീരുമാനത്തിലെത്തുന്നത്. അടുത്ത ചിത്രത്തിനു ബാബ എന്ന പേരും നൽകി അതിന് കഥയും തിരക്കഥയും രജനി തന്നെ എഴുതി. അത് രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയ ചിത്രങ്ങളില്‍ ഒന്നായി മാറി. എന്നാൽ പിന്നീട് ഇറങ്ങിയ ചന്ദ്രമുഖി എന്ന ചിത്രത്തിലൂടെ രജനി വമ്പൻ തിരിച്ചു വരവ് നടത്തി. ആ തീരുമാനത്തിലേക്ക് രജനി എത്തിയതിനു പിന്നില്‍ ബാബാജി ആണ് എന്നാണ് പറയപ്പെടുന്നത്.