സ്ത്രീകളുടെ പേരിൽ വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി സന്ദേശങ്ങൾ അയക്കുകയും ചാറ്റ് ചെയ്യുകയും ചെയ്യുന്നതിന് ചോറ്റാനിക്കര മഞ്ചക്കാട് പുല്ലേ തുണ്ട് വീട്ടിൽ സരൂപ് എന്ന 24 കാരനെ പോലീസ് പിടികൂടി. സൈബർ അന്വേഷണത്തിലാണ് ഇയാൾ പോലീസിന്‍റെ വലയിലാകാൻ കാരണം.
സരൂപ് എം എസ് സി സൈക്കോളജി വിദ്യാർത്ഥിയാണ്. പരിചയത്തിലുള്ള സ്ത്രീകളുടെ ഫോൺ നമ്പറുകൾ കൈവശപ്പെടുത്തി അവരുടെ പേരിൽ വ്യാജ എഫ് ബീ അക്കൌണ്ട് ഉണ്ടാക്കി യുവാക്കളുമായി ചാറ്റ് ചെയ്യുകയും മെസഞ്ചറിൽ സംസാരിക്കുകയും ചെയ്യുന്നതാണ് ഇയാളുടെ പ്രധാന ഹോബി.
ഇയാൾ ചോറ്റാനിക്കര സ്വദേശിനിയായ ഒരു യുവതിയുടെ പേരിൽ ഒരു വ്യാജ അക്കൗണ്ട് തുടങ്ങി. പിന്നീട് യുവതിയുടെ ഭർത്താവിന്റെ സുഹൃത്തുക്കൾക്ക് ആ അക്കൗണ്ടിൽ നിന്നും പതിവായി അശ്ലീല സന്ദേശങ്ങൾ അയച്ചു. യുവതിയുടെ ഭർത്താവിന്റെ പല സുഹൃത്തുക്കളുമായി സരൂപ് സെക്സ് ചാറ്റിൽ ഏർപ്പെട്ടു. ഇതോടെ പലരും ശരിക്കും ഇത് ചോറ്റാനിക്കരയിൽ ഉള്ള തങ്ങളുടെ സുഹൃത്തിന്റെ ഭാര്യയാണ് തെറ്റിദ്ധരിച്ചു. ചിലർ അവസരം മുതലാക്കി. എന്നാല്‍ ഈ സംഭവം ഒന്നുംതന്നെ യുവതി അറിയുന്നുണ്ടായിരുന്നില്ല. എന്നാൽ ഭർത്താവിന്റെ പല സുഹൃത്തുക്കളും നേരിൽ കാണുമ്പോഴും മറ്റും അസ്വാഭാവികമായി പെരുമാറിയതോടെ യുവതി ആകെ ആശയക്കുഴപ്പത്തിലായി. ആദ്യമൊക്കെ അവർ ഇത് മറച്ചു വച്ചെങ്കിലും പിന്നീട് വിവരം ഭർത്താവിനോട് പറഞ്ഞു. തുടർന്ന് യുവതിയും ഭർത്താവും സംഭവം പോലീസിനെ അറിയിച്ചു. അപ്പോഴാണ് ഇത് മറ്റ് ആരോ ഒപ്പിച്ച പണിയാണ് എന്ന് മനസ്സിലായത്. തുടർന്ന് സൈബർ സെൽ നടത്തിയ അതിവിദഗ്ധമായി അന്വേഷണത്തിലൂടെ സരൂപിനെ പോലീസ് കുടുക്കുകയായിരുന്നു. പോലീസിന്റെ പിടി വീഴും എന്ന് മനസ്സിലായതോടെ സരൂപ് പരസ്യമായി ലൈവിൽ എത്തി മാപ്പുപറഞ്ഞ് രക്ഷപ്പെടാനുള്ള ഒരു ശ്രമം നടത്തി.
ഇയാളുടെ കയ്യിൽ നിന്നും ലഭിച്ച മൊബൈൽ ഫോണിൽ നിരവധി യുവതികളുടെ മോർഫ് ചെയ്ത ചിത്രങ്ങളും, വാട്സ്ആപ്പ് സന്ദേശങ്ങളും, സ്ത്രീകളുടെ ശബ്ദത്തിൽ സംസാരിക്കുന്നതിനുള്ള ആപ്പുകളും കണ്ടെത്തി. ഇയാളുടെ ഫോണുകൾ ഫോറൻസിക് ലാബിലേക്ക് അയക്കുമെന്ന് പോലീസ് അറിയിച്ചു.