അവയവ ദാനത്തെ കുറിച്ചുള്ള വാർത്തകൾ കാണുമ്പോഴൊക്കെ ധീരജ് തന്‍റെ കുടുംബത്തിലുള്ളവരോട് പറയുമായിരുന്നു തനിക്ക് ഏതെങ്കിലും സാഹചര്യത്തിൽ അത്തരം ഒരു അവസ്ഥ വന്നാൽ ഒരാൾക്കെങ്കിലും ജീവൻ നൽകാൻ കഴിയുക എന്നത് ദൈവീകമായ പ്രവർത്തിയാണ് എന്ന്. അതുകൊണ്ടു തന്നെ ധീരജിന്റെ കുടുംബത്തിന് അവയവ ദാനത്തിന് സമ്മതം നൽകാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. നാലു പേർക്ക് ജീവൻ പകുത്ത് നൽകിയതിന് ശേഷമാണ് ധീരജ് ഈ ലോകത്ത് നിന്നും യാത്രയായത്.
തൃശ്ശൂർ കാട്ടൂർ സ്വദേശിയായ ധീരജ് 44 വയസ്സുകാരനാണ്. ഈ മാസം ആദ്യമാണ് കടുത്ത തലവേദനയും ചർദ്ദിയും മൂലം തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ധീരജ് ചികിത്സ തേടുന്നത്. തുടർന്ന് നടത്തിയ സ്കാനിംഗിൽ ധീരജിന്റെ തലച്ചോറിൽ അമിതമായ രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് എറണാകുളത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വേണ്ടി മാറ്റി. ഈ മാസം ഏഴാം തീയതി ശസ്ത്രക്രിയ നടത്തുകയും ചെയ്തു. എന്നാൽ സ്ഥിതിഗതികൾ മോശമായതിന് തുടർന്ന് ധീരജിനെ വിദഗ്ധ ചികിത്സയ്ക്കു വേണ്ടി കൊച്ചിയിലുള്ള ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റി. ചൊവ്വാഴ്ച വൈകിട്ട് ഏഴു മണിയോടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. ഇതോടെയാണ് ധീരജിന്റെ ദാനം ചെയ്യാൻ ബന്ധുക്കൾ സന്നദ്ധത പ്രകടിപ്പിച്ചത്.
തുടർന്ന് കരൾ മെഡിസിറ്റിയിൽ തന്നെ ചികിത്സയിൽ കഴിഞ്ഞിരുന്ന തൃശ്ശൂർ സ്വദേശി ആയ 46 കാരന് നൽകി. ഒരു വൃക്ക കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്കും മറ്റൊന്ന് കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് നൽകി. നേത്രപടലം കൊച്ചിയിലുള്ള ഗിരിധര്‍ ആശുപത്രി അധികൃതര്‍ ഏറ്റു വാങ്ങി.