ടെൻഷനും ചെറിയ തലവേദനകളും ഒക്കെ ഉണ്ടെങ്കില്‍ ഒരു ചായ കുടിച്ചാൽ പരിഹരിക്കാവുന്നതേ ഉള്ളൂ എന്നാണ് പലരും പറയാറുള്ളത്. ചായ നമ്മുടെ ജീവിതരീതിയുടെ ഒരു ഭാഗം തന്നെയാണ്. ഒരു ദിവസം തുടങ്ങുന്നത് തന്നെ ഒരു ചായ കുടിച്ചു കൊണ്ടാണ്. നല്ല കടുപ്പത്തിലുള്ള ഒരു ചായ കുടിച്ചാൽ ലഭിക്കുന്ന ഉന്മേഷം ആ ദിവസം മുഴുവൻ നീണ്ടുനിൽക്കും എന്നാണ് പഴമക്കാർ പറയാറുള്ളത്. അതുകൊണ്ടുതന്നെ നിരവധി ആവശ്യക്കാരും വൻ ഡിമാൻഡും ഉള്ള തേയിലയാണ് ദിബ്രു ഗട്ട് ജില്ലയിൽ സ്ഥിതിചെയ്യുന്ന മനോഹരി ടി എസ്റ്റേറ്റ് ഉല്പാദിപ്പിക്കുന്ന മനോഹരി ഗോൾഡ് തേയിലപ്പൊടി.
കഴിഞ്ഞ ദിവസം ഗുഹാത്തിയിൽ നടന്ന ഒരു ലേലത്തിന് മനോഹരി ഗോള്‍ഡ് റ്റിയുടെ തേയില ഒന്നെകാൽ ലക്ഷം രൂപയ്ക്കാണ് വിറ്റു പോയത്. ഈ തേയിലക്ക് വൻ ഡിമാൻഡ് ആണ് ഉള്ളത്. എല്ലാ വർഷവും ഈ ലേലം നടന്നു വരാറുണ്ട്. ഹൈദരാബാദിൽ നിന്നുള്ള ഒരു ഹോട്ടൽ ഉടമയായ കെ ബാബു റാവു ആണ് ഈ തേയില ഒന്നേകാൽ ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയത്.
2018ൽ നടന്ന ഒരു ലേലത്തിൽ ഒരു കിലോ മനോഹരി ഗോൾഡ് ടീയുടെ തേയില 39,000 രൂപയ്ക്കാണ് ലേലത്തിൽ പോയത്. അന്ന് അതൊരു വലിയ റെക്കോർഡ് ആയിരുന്നു. 2019ല്‍ ഇതേ സ്പെഷ്യൽ ടീയുടെ തേയില ഒരു കിലോ 50,000 രൂപയ്ക്കും 2020ല്‍ 75,000 രൂപയ്ക്കും കഴിഞ്ഞ വർഷം ഇത് ഒരു ലക്ഷം രൂപയ്ക്കുമാണ് വിറ്റുപോയത്.
ലേലത്തിൽ വാങ്ങിയ ഈ തേയില ഉപയോഗിച്ച് തയ്യാറാക്കുന്ന ഓരോ കപ്പ് ചായയും ആയിരം രൂപയ്ക്ക് വിൽക്കും എന്നാണ് ഹൈദരാബാദിലെ പ്രശസ്തമായ നിലോഫർ കഫെ ഉടമ കൂടിയായ ബാബുറാവു മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ നാലു മുതൽ 6 വരെ തേയിലത്തോട്ടത്തിൽ നിന്നും പറിച്ചെടുക്കുന്ന ഒറ്റ മുകളങ്ങളിൽ നിന്നാണ് ഈ തേയില തയ്യാറാക്കുന്നത് എന്ന് മനോഹരി എസ്റ്റേറ്റിലെ അധികൃതർ അറിയിച്ചു.