ഐ പീ എസ് ഓഫീസർ ചമഞ്ഞ് നിരവധി സ്ത്രീകളെ പറ്റിച്ച് പണവും സ്വർണവും തട്ടിയെടുത്ത സംഭവത്തിൽ വികാസ് ഗൗതം എന്നയാൾ പോലീസ് പിടിയിലായി. ഇയാൾ മധ്യപ്രദേശ് ഗോളിയാർ സ്വദേശിയാണ്.
എട്ടാം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള ഇയാൾ സമൂഹ മാധ്യമത്തിലൂടെ വികാസ് യാദവ് എന്ന കള്ള പേരിൽ ഒരു വ്യാജ പ്രൊഫൈൽ ഉണ്ടാക്കി നിരവധി സ്ത്രീകളെ പറ്റിച്ചു സ്വർണവും പണവും കവർന്നു. ഇയാൾ തന്റെ പ്രൊഫൈലില്‍ പിക്ചറായി ഇട്ടിരുന്നത് ചുവന്ന ബീക്കൺ വച്ച സർക്കാർ വാഹനത്തിന് മുന്നിൽ നിൽക്കുന്ന ചിത്രമാണ്. കൂടാതെ ഇദ്ദേഹം തന്റെ ഐഡിയയിൽ 2021 ബാച്ച് യുപി കേഡർ ഐപിഎസ് അസിസ്റ്റന്റ് സൂപ്രണ്ട് പോലീസ് കാൺപൂർ എന്നാണ് കാണിച്ചിട്ടുള്ളത്.
ഡൽഹിയിലുള്ള സഞ്ജയ് ഗാന്ധി ആശുപത്രിയിലെ വനിതാ ഡോക്ടറെ കബളിപ്പിച്ച് ഇയാൾ പണം തട്ടിയിരുന്നു. ഇവരുമായി നിരന്തരം ചാറ്റ് ചെയ്ത് അടുപ്പം സ്ഥാപിച്ചതിനു ശേഷം ഇവരുടെ വിശ്വാസം പിടിച്ചുപറ്റി ഇവരുടെ ബാങ്കിലെ വിവരങ്ങൾ ചോദിച്ചറിഞ്ഞ് അക്കൗണ്ടിൽ നിന്നും 25000 രൂപ ഇയാൾ പിൻവലിച്ചു. ഇതോടെയാണ് പറ്റിക്കപ്പെട്ട കാര്യം യുവതി അറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകാൻ തുടങ്ങിയ വനിത ഡോക്ടറെ ഇയാൾ ഭീഷണിപ്പെടുത്തി.. പക്ഷേ ഇയാളുടെ ഭീഷണിയിൽ ഭയക്കാതെ വനിതാ ഡോക്ടർ പരാതിയുമായി മുന്നോട്ടു പോയി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ കൂടുതൽ ചിത്രം പുറത്തറിയുന്നത്. നിരവധി സ്ത്രീകളെ ഇയാൾ ഇത്തരത്തിൽ പറ്റിച്ചിട്ടുണ്ട്. പലരിൽ നിന്നും ലക്ഷക്കണക്കിന് രൂപയും സ്വർണവും കവർന്നിട്ടുണ്ട്. ഇയാൾ ഹോട്ടൽ ജീവനക്കാരനാണ്. ഇയാളുടെ പേരിൽ ഉത്തര്‍ പ്രദേശിലും ഗോളിയാറിലും നിരവധി കേസുകൾ ഉണ്ട്.