കള്ളനേട്ട് കേസിൽ പ്രമുഖ സീരിയൽ നടൻ ഉൾപ്പെടെ മൂന്നു പേരെ പോലീസ് പിടികൂടി. നേരത്തെ കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് മുൻ പഞ്ചായത്ത് പ്രസിഡന്‍റും സുഹൃത്തായ യുവതിയും പോലീസ് പിടിയിലായിരുന്നു.
സീരിയൽ നടനായ ഷംനാദ് എന്ന ശ്യാം,കൊട്ടാരക്കര വാളകം പാണക്കാട് സ്വദേശി ശ്യാം ശശി, ചുനക്കര സ്വദേശി രഞ്ജിത്ത് എന്നിവരാണ് പോലീസ് പിടിയിലായത്. ഇപ്പോൾ പിടിയിലായ സീരിയൽ നടന്റെ കൈയിൽ നിന്നും നാല് ലക്ഷം രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്തു. മുൻ പഞ്ചായത്ത് പ്രസിഡന്റ് ആയ ക്ലീറ്റസിനെയും സുഹൃത്ത് ലേഖയെയും നേരത്തെ തന്നെ പോലീസ് പിടികൂടിയിരുന്നു.
ഒരു സൂപ്പർ മാർക്കറ്റിൽ ലേഖ നൽകിയ 500 രൂപ നോട്ടിൽ സംശയം തോന്നിയ ജീവനക്കാരനാണ് പോലീസിൽ വിവരം അറിയിച്ചത്. ഈ നോട്ട് തനിക്ക് നൽകിയത് ക്ലീറ്റസ് ആണെന്നാണ് ലേഖ പറഞ്ഞത്. പിന്നീട് നടത്തിയ പരിശോധനയിൽ ഇയാളുടെ വീട്ടിൽ നിന്ന് 500 രൂപയുടെ നോട്ടുകൾ കണ്ടെത്തി. തുടർന്ന് റിയൽ എസ്റ്റേറ്റ് ബിസിനസ് ഉള്ള രഞ്ജിത്തിന്റെ പങ്ക് പുറത്തുവന്നു. ഇരുവരെയും ചോദ്യം ചെയ്തപ്പോഴാണ് നടൻ ഷംനാദ് ആണ് നോട്ടുകൾ എത്തിച്ചു നൽകിയത് എന്ന വിവരം പോലീസിൽ ലഭിക്കുന്നത്. ഇങ്ങനെയാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.
ഇയാളുടെ കാറിന്റെ രഹസ്യ അറയിൽ നിന്നും നാലരലക്ഷം രൂപയുടെ കള്ളനോട്ടുകൾ ആണ് കണ്ടെത്തിയത്. പിന്നീട് ഷംനാദിന്‍റെ വീട് റെയ്ഡ് ചെയ്തപ്പോൾ ലാപ്ടോപ്പ് , സ്കാനർ , പ്രിന്റർ ,ലാമിനേറ്റർ , നോട്ട് മുറിക്കുന്നതിനുള്ള ഉപകരണങ്ങൾ, ഉണക്കി സൂക്ഷിക്കാനായി വെച്ചിരുന്ന നോട്ടുകൾ എന്നിവയും കണ്ടെത്തുകയുണ്ടായി. നിർമ്മാണത്തിലിരിക്കുന്ന നിരവധി നോട്ടുകളും ഇയാളുടെ വീട്ടിൽ നിന്നും ലഭിച്ചു. ഇവർ ഇത്തരത്തിൽ പ്രതിദിനം ഒരു ലക്ഷം രൂപയുടെ കള്ളനോട്ടുകൾ ആണ് നിർമ്മിച്ചിരുന്നത്.
നോട്ടുകൾ പ്രിന്റ് ചെയ്ത് ഷംനാദ് രഞ്ജിത്തിനെ ഏൽപ്പിക്കും, രഞ്ജിത്ത് ഇത് വിതരണം ചെയ്യാനായി ക്ലീറ്റസിനു നൽകും. ക്ലീറ്റസ് ആണ് ഇത് ലേഖയ്ക്ക് നൽകുന്നത്. കടകളിൽ തിരക്കുള്ള സമയം നോക്കി പോയി സാധനം വാങ്ങി നോട്ട് മാറി എടുക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ പിന്നിലുള്ള യഥാർത്ഥ ബുദ്ധി കേന്ദ്രം വാളകം സ്വദേശിയായ ശ്യാം ആണെന്ന് ഷംനാദ് പറയുന്നു.