മകന്റെ വിശപ്പടക്കുന്നതിന് വേണ്ടി അധ്യാപികയോട് 500 രൂപ കടം ചോദിച്ച വീട്ടമ്മയുടെ അക്കൗണ്ടിലേക്ക് ചുരുങ്ങിയ നിമിഷങ്ങൾക്കുള്ളിൽ എത്തിയത് 51 ലക്ഷം രൂപ. സെറിബ്രൽ പാഴ്സി രോഗം ബാധിച്ച മകന്റെ വിശപ്പ് അടക്കുന്നതിനു വേണ്ടിയാണ് വീട്ടമ്മ സഹായം അഭ്യർത്ഥിച്ചത്. കൂറ്റനാട് സ്വദേശിയായ സുഭദ്രയാണ് മനുഷ്യ സ്നേഹത്തിന്റെ കരുതലിൽ വിനയാന്വിത ആയത്.
സുഭദ്രയുടെ ദുരിത ജീവിതത്തെ കുറിച്ച് വട്ടേനാട് സ്കൂളിലെ അധ്യാപികയായ ഗിരിജ ടീച്ചർ സമൂഹ മാധ്യമത്തിൽ പങ്കു വെച്ച കുറുപ്പ് കണ്ടാണ് സഹായവുമായി നാനാതുറയിൽ നിന്നും ആളുകൾ എത്തിയത്. സെറിബ്രല്‍ പാഴ്സി രോഗം ബാധിച്ചു കിടപ്പിലായ 17 വയസ്സുകാരൻ മകൻ ഉൾപ്പെടെ മൂന്ന് കുട്ടികളാണ് സുഭദ്രയ്ക്ക് ഉള്ളത്. സുഭദ്രയുടെ ഭർത്താവ് മരണപ്പെടുന്നത് 5 മാസം മുൻപാണ്. ഇതോടെ കുടുംബത്തിന്റെ ഏക വരുമാന സ്രോതസ്സ് എന്നെന്നേക്കുമായി നിലച്ചു. ജീവിതം തീരാ ദുരിതത്തിൽ ആയി. രോഗിയായ മകനെയും മറ്റു രണ്ടു മക്കളെയും വീട്ടിൽ ആക്കി സുഭദ്ര കൂലിപ്പണിക്ക് ഇറങ്ങി. ഇങ്ങനെ ഒരു വിധം ജീവിതം തള്ളി നിൽക്കുന്നതിനിടെ മകന്‍റെ രോഗം ഗുരുതരമായി. ഇതോടെ കൂലിപ്പണിക്ക് പോലും പോകാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് കുടുംബം എത്തി. ഇതോടെ ആ കുടുംബം അര പട്ടിണിയിൽ നിന്നും മുഴുപ്പട്ടിണിയിലേക്ക് മാറി.
തകർന്നു വീഴാറായ പഴയ വീട്ടിലാണ് സുഭദ്രയും കുടുംബവും താമസിക്കുന്നത്. കുട്ടികളുടെ വിസപ്പാട്ടുന്നതിന് വേണ്ടി 500 രൂപ സഹായം നൽകണമെന്ന് ആവശ്യവുമായി സുഭദ്ര ഗിരിജ ടീച്ചറെ സമീപിച്ചു. ടീച്ചർ പണം നൽകി. ഒപ്പം സുഭദ്രയുടെ ദുരിതത്തെക്കുറിച്ച് സമൂഹ മാധ്യമത്തിൽ കുറുപ്പ് പങ്കു വെച്ചു. ഇതോടെ സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും സുഭദ്രയ്ക്ക് സഹായഹസ്തം നീട്ടി നിരവധി പേർ എത്തി.
തനിക്ക് ലഭിച്ച പണം കൊണ്ട് ഒരു വീട് പണിയണമെന്നും മകന്റെ തുടർ ചികിത്സ നടത്തണമെന്നും ആണ് സുഭദ്ര ഇപ്പോൾ ആഗ്രഹിക്കുന്നത്. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഇനി കാണാനിടയില്ലാത്ത ആളുകൾ നൽകിയ സ്നേഹത്തിൽ സുഭദ്ര തന്റെ ജീവിതം പടിപടിയായി കെട്ടിപ്പെടുക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ.