കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണിന്റെ പുതിയ വകഭേദം ബി എഫ് സെവൻ രാജ്യത്ത് സ്ഥിരീകരിച്ചത് കഴിഞ്ഞ ദിവസമാണ്. മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഈ വകഭേദത്തിന് അണുബാധ ശേഷി വളരെ കൂടുതലാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
നിലവിൽ ചൈനയിൽ നാശം വിതക്കുന്നത് ബിഎഫ് സെവൻ ആണ്. രോഗബാധിതരുടെ എണ്ണത്തിൽ വലിയ തോതിലുള്ള കുതിച്ചു ചാട്ടം ആണ് ഉണ്ടായിരിക്കുന്നത്. മൂന്ന് കേസുകൾ രാജ്യത്ത് ഇതിനോടകം തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗുജറാത്തിൽ രണ്ടും ഒഡീസയിൽ ഒന്നുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി യോഗം വിളിച്ചു ചേർത്തിരുന്നു. നിലവിലത്തെ സാഹചര്യത്തിൽ രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടില്ല എങ്കിലും ഇപ്പോൾ കണ്ടെത്തിയ പുതിയ വകഭേദങ്ങളെ തിരിച്ചറിയാൻ ശക്തമായ നിരീക്ഷണം ആവശ്യമാണെന്ന് ആരോഗ്യ വിദഗ്ധരെ ഉദ്ധരിച്ച് അദ്ദേഹം അറിയിച്ചു. ചൈന പുതിയ വകഭേദം വിതച്ച ഭീതിയിൽ നിന്ന് ഇപ്പൊഴും കരകയറിയിട്ടില്ല. ചൈനീസ് നഗരങ്ങൾ ഒമിക്രോണിന്റെ ഈ വകഭേദത്തിന്റെ ഭീതിയിലാണ്.
ഒമിക്രോൺ വകഭേദമായ ബി എഫ് ഫൈവിന്റെ ഉപവകഭേദമാണ് ബി എഫ് സെവൻ. ഇതിന് വ്യാപനശേഷിയും അണുബാധ ശേഷിയും വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ഇത് വളരെ വേഗം ആളുകളിലേക്ക് പടർന്നു പിടിക്കുന്നു. ഇവയുടെ ഇൻക്യുബേഷൻ കാലയളവ് വളരെ കുറവാണ്. വാക്സിനേഷൻ സ്വീകരിച്ചവർക്ക് പോലും അണുബാധ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും അപകടകാരിയാണ് ഈ വകഭേദം എന്നാണ് റിപ്പോർട്ട്. നിലവിൽ അമേരിക്ക , യു കെ , ജർമ്മനി , ഫ്രാൻസ് , ഡെന്മാർക്ക് തുടങ്ങിയ രാജ്യങ്ങളിൽ ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്.