ഫ്ലൈറ്റിനുള്ളില്‍ നിന്നുള്ള ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിൽ വൈറലായിരുന്നു. എയർഹോസ്റ്റസും യാത്രക്കാരനും തമ്മിൽ തർക്കിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ഇൻഡിഗോയുടെ ഈസ്താംബൂള്‍ – ഡൽഹി വിമാനത്തിനുള്ളിലാണ് യാത്രക്കാരനും ജീവനക്കാരിയും തമ്മിൽ തർക്കമുണ്ടായത്.
‘നിങ്ങൾ മിണ്ടാതിരിക്കു ഞാൻ നിങ്ങളുടെ വേലക്കാരി അല്ല’ എയർഹോസ്റ്റസ് യാത്രക്കാരനോട് പറയുന്നു . തന്റെ നേരെ എന്തിനാണ് വിരല്‍ വെറും ചൂണ്ടി ഉച്ചത്തിൽ അലറുന്നത്, തന്റെ സഹപ്രവർത്തകർ ഉൾപ്പെടെ എല്ലാവരും ബുദ്ധിമുട്ടുകയാണെന്നും അവർ പറയുന്നു. ഫ്ലൈറ്റിൽ ആവശ്യത്തിനുള്ള ഭക്ഷണം മാത്രമേയുള്ളൂ അത് മനസ്സിലാക്കണം. അനുവദിച്ചിട്ടുള്ള ഭക്ഷണം മാത്രമേ തരാൻ കഴിയുള്ളൂ എന്നും എയർഹോസ്റ്റസ് പറയുന്നു.
പക്ഷേ ഇതൊന്നും കേൾക്കാൻ യാത്രക്കാരൻ തയ്യാറാകുന്നില്ല. തന്നോട് എന്തിനാണ് ഉച്ചത്തിൽ സംസാരിക്കുന്നത് എന്ന് യാത്രക്കാരൻ ചോദിക്കുന്നു. ഇവരുടെ തര്‍ക്കത്തിലേക്ക് മറ്റൊരു ജീവനക്കാരിയെത്തി ഇരുവരെയും സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. പ്രശ്നമുണ്ടാക്കുന്ന യാത്രക്കാരന്റെ ദൃശ്യങ്ങൾ വീഡിയോയിൽ ഇല്ല.
ജീവനക്കാരോട് ഇത്തരത്തിൽ പെരുമാറാൻ പാടില്ല എന്ന് മറ്റൊരു എയർഹോസ്റ്റസ് യാത്രക്കാരനോട് താഴ്മയായി പറയുന്നുണ്ട്. ഇതോടെ താൻ എപ്പോഴാണ് മോശമായി പെരുമാറിയത് എന്നായി യാത്രക്കാരൻ. സമാധാനിപ്പിക്കാൻ വന്ന എയർഹോസ്റ്റസിനെ സംസാരിക്കാൻ പോലും അദ്ദേഹം അനുവദിക്കുന്നില്ല. ഏറെ നേരത്തെ തർക്കത്തിനൊടുവിൽ പ്രശ്നം പതിയെ സോൾവ് ആകുന്നതും വീഡിയോയിൽ ദൃശ്യമാണ്. വാർത്ത സമൂഹമാധ്യമത്തിൽ ശ്രദ്ധിക്കപ്പെട്ടതോടെ ഈ വിഷയത്തിൽ വിശദീകരണവുമായി ഇൻഡിഗോ എയർലൈൻസ് തന്നെ രംഗത്ത് വന്നു.
2022 ഡിസംബർ 16ന് ഇസ്താംബൂളിൽ നിന്നും ഡൽഹിയിലേക്കുള്ള 6E 12 എന്ന ഫ്ലൈറ്റിലാണ് സംഭവം നടന്നത് എന്ന് കമ്പനി വിശദീകരിക്കുന്നു. യാത്രക്കാരൻ തെരഞ്ഞെടുത്ത ഭക്ഷണവുമായി ബന്ധപ്പെട്ട തർക്കമാണ് ഉണ്ടായത്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നു. അവരോട് മര്യാദയുടെയും സഹാനുഭൂതിയോടെയും പെരുമാറി ഒരു മികച്ച യാത്രാ അനുഭവം സമ്മാനിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. യാത്രക്കാരുടെ താല്പര്യങ്ങൾക്കായിരിക്കും എല്ലായിപ്പോഴും മുൻഗണന എന്നും കമ്പനി അറിയിച്ചു.