കുട്ടികൾ അബദ്ധത്തിൽ പലതും വിഴുങ്ങാറുണ്ട്. അതുകൊണ്ടുതന്നെ കുട്ടികൾ കളിക്കുമ്പോൾ മുതിർന്നവർ അത് ശ്രദ്ധിക്കണം. അല്ലാത്തപക്ഷം അവരുടെ ജീവന് തന്നെ അത് ഭീഷണിയായി അത് മാറിയേക്കാം. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. തുർക്കിയിലാണ് ഇത് നടന്നത്.
വയറു വേദനയുമായി ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ കൗമാരക്കാരനെ ഡോക്ടർ സ്കാനിങ്ങിന് വിധേയമാക്കി. അപ്പോഴാണ് വയറിനുള്ളിൽ അസ്വാഭാവികമായ ഒരു വസ്തു അവർ കണ്ടെത്തിയത്. പിന്നീട് നടത്തിയ വിശദമായ പരിശോധനയില്‍ മൂന്നടി നീളമുള്ള ചാര്‍ജിങ് കേബിൾ ആയിരുന്നു വയറ്റില്‍ ഉണ്ടെന്ന് മനസ്സിലായത്. അതി ശക്തമായ ഛർദ്ദി ഉള്ളതുകൊണ്ടാണ് 15 കാരനെ ആശുപത്രിയിൽ എത്തിച്ചത്. വിദഗ്ധ പരിശോധനയിലാണ് വയറ്റില്‍ കേബിള്‍ കുടുങ്ങിയ വിവരം തിരിച്ചറിഞ്ഞത്.
വയറിനുള്ളിൽ കേബിൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് ശസ്ത്രക്രിയ നടത്തി പുറത്തെടുക്കാൻ ഡോക്ടർമാർ തീരുമാനിക്കുക ആയിരുന്നു. വിദഗ്ധരായ ഡോക്ടർമാരുടെ ഒരു സംഘം ആണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. തുർക്കിയിലെ പ്രശസ്തമായ ഫറാത്ത് യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. നേരത്തെ നടന്ന എക്സറേ പരിശോധനയിൽ കേബിൾ ആണെന്ന് തിരിച്ചറിഞ്ഞിരുന്നു. പ്ലാസ്റ്റിക് കോട്ടിങ് ഉള്ള കേബിൾ ദഹിക്കാതെ വയറ്റിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. കേബിളിന്റെ ഒരു ഭാഗം ചെറുകുടലിൽ കുരുങ്ങിയിരുന്നു.
കേബിൾ ചെറുകുടലിലേക്ക് നീങ്ങിയത് കൊണ്ട് തന്നെ പുറത്തെടുക്കുക എന്നത് അത്രത്തോളം സങ്കീർണ്ണം ആയിരുന്നു. ചാർജിങ് കേബിളിനെ കൂടാതെ ഹെയർപിന്നും കുട്ടിയുടെ വയറ്റിൽ ഉണ്ടായിരുന്നു. അതേസമയം മൂന്നടി നീളമുള്ള ചാർജിങ് കേബിൾ എങ്ങനെ കുട്ടിയുടെ വയറ്റിൽ എത്തി എന്ന ചോദ്യത്തിന് കളിച്ചു കൊണ്ടിരുന്നപ്പോള്‍ ഒരു രസത്തിന് വിഴുങ്ങി എന്നാണ് കുട്ടി നല്കിയ മറുപടി.