മത്സ്യത്തെ മാംസത്തിന്റെ വിഭാഗത്തിൽപ്പെടുന്ന ഉൽപ്പന്നത്തിൽ നിന്നും കേന്ദ്ര ഭക്ഷ്യ സുരക്ഷ അതോറിറ്റി നീക്കം ചെയ്തു. മത്സ്യ വിഭാഗത്തിൽപ്പെടുന്ന ഉൽപ്പന്നങ്ങളെ ആണ് മാംസ വിഭാഗത്തിൽ നിന്നും നീക്കം ചെയ്തത്. ഇതുവരെ പൊതു ഉല്പാദന വിഭാഗത്തിലും മാംസ ഉൽപ്പന്ന വിഭാഗത്തിലും ആയിരുന്നു മത്സ്യത്തെ പെടുത്തിരുന്നത്. വ്യാപാരികൾക്ക് മത്സ്യത്തിന്റെ രജിസ്ട്രേഷനും ഈ വിഭാഗത്തിൽ ആയിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. അതാണ് ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ വ്യാപാര വിഭാഗം തന്നെ രൂപപ്പെടും. പരിശോധന രീതികളും പരിഷ്കരിക്കും.
പുതിയ തീരുമാനം അനുസരിച്ച് കല്ലുമ്മക്കായ, കക്ക എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന ഉത്പന്നങ്ങളും മത്സ്യോല്പന്ന വിഭാഗത്തിൽ പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മത്സ്യ ഉൽപ്പന്നങ്ങൾ വിപണനം നടത്തുന്ന സ്ഥലങ്ങളിൽ ഓഡിറ്റ് നടത്താനും കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് ഈ വിഭാഗത്തിൽപ്പെടുന്ന ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ പരിശോധിച്ചു ഗ്രേഡ് നൽകാനും നിശ്ചയിച്ചു.
ഇതിന്റെ സ്കോർ നൂറിലാണ് കണക്കാക്കുന്നത്. 90 മുതൽ 100 വരെ സ്കോർ ലഭിക്കുന്ന സ്ഥാപനങ്ങൾ മികച്ച സ്ഥാപനങ്ങളുടെ ഗണത്തിൽ ഉൾപ്പെടും. അതുപോലെ 80 മുതൽ 89 വരെ ലഭിക്കുന്ന സ്ഥാപനങ്ങളെ തൃപ്തികരമായും 50 മുതൽ 79 വരെ സ്കോർ ലഭിക്കുന്ന സ്ഥാപനങ്ങളെ നവീകരണം നടത്തേണ്ടവയിലും പെടുത്തും. സ്കോർ 50 മുതൽ 79 വരെ ലഭിക്കുന്ന സ്ഥാപനങ്ങൾ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ കൂടുതൽ നവീകരിക്കാനും ആവശ്യപ്പെടും. അതേസമയം 50 നു താഴെ സ്കോർ വരുന്ന സ്ഥാപനങ്ങൾക്ക് ഒരു ഗ്രേഡും ലഭ്യമാകില്ല. ഈ സ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്ന നിലയിൽ ആയിരിക്കും പരിഗണിക്കുക.