കഴിഞ്ഞ ദിവസം ഒരു ആദിവാസി യുവാവിനെ ജോലിക്ക് പ്രവേശിക്കുന്നതിൽ നിന്നും അയോഗ്യനാക്കിയ സംഭവം സമൂഹ മാധ്യമത്തിലടക്കം വലിയ വിമർശനത്തിന് കാരണമായിരുന്നു. പല്ല് ഉന്തിയതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് വട്ടപ്പാടിയിലെ ഗോത്രവർഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവാവിന് ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജോലി നഷ്ടപ്പെട്ടത്. യുവാവിന്റെ ഉന്തിയ പല്ല് അയോഗ്യതയായി കണ്ട് ജോലി നിഷേധിക്കുകയായിരുന്നു. ഇത് വലിയ വിവാദമായി മാറി.
പുതൂർ പഞ്ചായത്തിലെ ആനവായി ഊരിലെ വെള്ളിയുടെ മകനായ മുത്തുവിനാണ് പല്ല് ഉന്തിയതിന്റെ പേരിൽ സർക്കാർ ജോലി ലഭിക്കാതെ പോയത്. ചെറുപ്പത്തിൽ സംഭവിച്ച വീഴ്ചയാണ് മുത്തുവിന്റെ പല്ലിന് തകരാർ വരാൻ കാരണം. മുത്തു ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്‍റില്‍ എഴുത്തു പരീക്ഷയും കായികക്ഷമതാ പരീക്ഷയും വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇതിനുശേഷമാണ് നേരിട്ടുള്ള അഭിമുഖത്തിന് പോയത്. മുഖാമുഖത്തിന് പോകുന്നതിന് മുൻപായി മുത്തുവിന്റെ ശാരീരിക ക്ഷമത പരിശോധിച്ചു ഡോക്ടർ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. ഇതിൽ ഉന്തിയ പല്ല് പ്രത്യേകം രേഖപ്പെടുത്തിയിരുന്നു.
പല്ല് നേരെയാക്കുന്നതിനു പതിനായിരം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയയാണ് ഏകപരിഹാരം എന്ന് ഡോക്ടർ പറഞ്ഞിരുന്നു. ശസ്ത്രക്രിയയിലൂടെ ഇത് പരിഹരിക്കാമെന്നും അറിയിച്ചു. എന്നിട്ടും മുത്തുവിനെ അയോഗ്യനാക്കുകയായിരുന്നു. മുത്തു മുക്കാലിയിൽ നിന്ന് 15 കിലോമീറ്റർ അകലെ ഉൾവനത്തിലാണ് താമസിക്കുന്നത്. ആനവായ് ഊര് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. മുത്തു കുറുമ്പൻ വിഭാഗത്തിൽപ്പെടുന്ന ആദിവാസി സമൂഹത്തിന്റെ ഭാഗമാണ്. ദാരിദ്ര്യവും സാമ്പത്തിക ബുദ്ധിമുട്ടും മൂലമാണ് പല്ല് ശസ്ത്രക്രിയയിലൂടെ നേരെയാക്കാൻ കഴിയാതിരുന്നതെന്ന് മുത്തുവിന്റെ ബന്ധുക്കൾ പറയുന്നു.
എന്നാൽ ചില പ്രത്യേക തസ്തികയിലേക്കുള്ള യോഗ്യതയും അയോഗ്യതയും നിശ്ചയിക്കുന്നതിന് സ്പെഷ്യൽ റൂളിൽ പ്രത്യേകം തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നു പി എസ് സി അറിയിച്ചു.അത്തരത്തിലുള്ള എന്തെങ്കിലും കണ്ടെത്തിയാൽ ഉദ്യോഗാർത്ഥിയെ അയോഗ്യനാക്കും. കൊമ്പല്ല്, ഉന്തിയ പല്ല് തുടങ്ങിയവ അയോഗ്യനാക്കാനുള്ള ഘടകങ്ങൾ ആണെന്ന് അധികൃതര്‍ അറിയിച്ചു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് മാനുഷിക പരിഗണനയാണ് നൽകേണ്ടത് എന്നാണ് എല്ലാവരും ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നത്.