കടക്കാരിൽ നിന്ന് രക്ഷ നേടാൻ പലരും പല നമ്പറുകളും പ്രയോഗിക്കാറുണ്ട്. മോഷണം , ഒളിച്ചോട്ടം എന്നിവ അവയില് ചിലതുമാത്രം. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തയാണ് ഇന്തോനേഷ്യയിലെ ഈ യുവതി. ലോകത്ത് അധികം ആരും അങ്ങനെ പരീക്ഷിക്കാത്ത ഒരു വഴിയാണ് ഇവർ കടക്കാരിൽ നിന്ന് രക്ഷപ്പെടാൻ പ്രയോഗിച്ചത്. കടം വാങ്ങിയ പണം തിരികെ നൽകാതിരിക്കാൻ സ്വന്തം മരണ വാർത്ത സോഷ്യൽ മീഡിയയുടെ സഹായത്തോടെ ഇവർ വ്യാജമായി സൃഷ്ടിച്ചെടുത്തു.
ഇന്തോനേഷ്യയിലെ മെടാൻ സ്വദേശിയായ ലിസാ ഗിവിയാണ് കടക്കാരിൽ നിന്ന് രക്ഷനേടാൻ പുതിയ നമ്പർ പ്രയോഗിച്ചത്. ഇവർ തന്റെ മരണം വ്യാജമായി ചിത്രീകരിച്ച് സമൂഹ മാധ്യമത്തിൽ അപ്ലോഡ് ചെയ്തു. ഇതിനായി ഇവർ ഉപയോഗിച്ചത് തന്റെ മകളുടെ ഫേസ്ബുക്ക് അക്കൗണ്ട് ആണ്. ഗൂഗിളിൽ നിന്ന് സ്ട്രക്ച്ചറിന്റെ ഒരു ചിത്രവും മൂക്കിൽ പഞ്ഞി വച്ച് കിടക്കുന്ന മറ്റൊരു ചിത്രവും ഇവർ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തു. വീടിനു സമീപത്തുള്ള ഒരു പാലത്തിൽ വച്ച് ഉണ്ടായ അപകടത്തിൽ മരിച്ചുവെന്നും മൃതദേഹം ആഷേ എന്ന സ്ഥലത്ത് സംസ്കരിക്കും എന്നുമാണ് ഇവർ സമൂഹ മാധ്യമത്തിൽ പങ്കു വച്ച കുറുപ്പിലൂടെ അറിയിച്ചത്.
കടക്കാരെക്കൊണ്ട് നിവർത്തിയില്ലാതെ ആണ് ഇവർ ഇത്തരമൊരു നടപടിക്ക് മുതിർന്നത്. കടക്കാരോട് പല ആവർത്തി സമയപരിധി പറഞ്ഞുവെങ്കിലും അതൊന്നും പാലിക്കാൻ ഇവർ കൂട്ടാക്കിയില്ല. ഇതോടെ ചോദ്യങ്ങൾക്കു മറുപടി പറയാൻ മറ്റൊരു വഴിയില്ലാതെ വന്നതോടെയാണ് സ്വന്തം മരണം ചിത്രീകരിച്ചത്. എന്നാൽ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് അമ്മ ആണ് ഈ വാർത്ത പോസ്റ്റ് ചെയ്തത് എന്നും തന്റെ അമ്മയുടെ ഈ പ്രവർത്തിയിൽ വിഷമിച്ച എല്ലാവരോടും മാപ്പ് ചോദിക്കുന്നതായും മകൾ സമൂഹ മാധ്യമത്തിൽ കുറിപ്പ് പങ്കു വെച്ചു. ഇതോടെയാണ് ഈ സംഭവത്തിന്റെ യഥാർത്ഥ ചിത്രം പുറംലോകം അറിയുന്നത്. യുവതിയുടെ കടംകൈ സമൂഹ മാധ്യമത്തിൽ വൈറലായി മാറുകയും ചെയ്തു.