ബീഹാറിലെ ഗയയിൽ നടന്ന ഒരു ഒരു വിവാഹ വാർത്ത സമൂഹ മാധ്യമത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. കാരണം ഈ വിവാഹം നടന്നത് ആശുപത്രിയിലെ വെന്റിലേറ്ററിനുള്ളിൽ വച്ചാണ്. അതുകൊണ്ടുതന്നെ ഈ വാർത്ത ഏറെ ശ്രദ്ധ പിടിച്ചു പറ്റി.
തന്റെ മകളുടെ വിവാഹം നടന്നു കാണണം എന്നത് ആ അമ്മയുടെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു. ആ ആഗ്രഹമാണ് മകളും ബന്ധുക്കളും ചേര്‍ന്ന് സാധിച്ചു കൊടുത്തത്.
കഴിഞ്ഞ കുറച്ചു നാളുകളായി അമ്മ മരണത്തോട് മല്ലടിച്ചുകൊണ്ടിരിക്കുകയാണ്. മാതാവിന്റെ അവസാനത്തെ ആഗ്രഹം എന്ന നിലയിലാണ് വെന്റിലേറ്റർ കിടക്കക്കരികിൽ വച്ച് മകളുടെ മാംഗല്യം നടന്നത്. ഗയ ജില്ലയിലെ ഗുരാരോ ബ്ലോക്കിലെ ബാലി എന്ന ഗ്രാമവാസിയാണ് പൂനം വർമ്മ. കഴിഞ്ഞ കുറച്ചു നാളുകളായി ഹൃദയസംബന്ധമായ അസുഖം മൂലം ഇവർ വല്ലാതെ ബുദ്ധിമുട്ട് അനുഭവിച്ചു വരികയാണ്. പല മരുന്നുകളും കഴിക്കുന്നുണ്ടെങ്കിലും ഒന്നും ഫലം കണ്ടില്ല. പല ഡോക്ടർമാരെയും കണ്ടു, എന്നിട്ടും ഇവരുടെ നില ഗുരുതരമായി തന്നെ തുടർന്നു. കഴിഞ്ഞ ഞായറാഴ്ച ആരോഗ്യ നില കൂടുതൽ വഷളായി. ഇവരെ ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റി.
പൂനത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മകൾ ചാന്ദിനി കുമാരിയുടെ വിവാഹം. അതിനുള്ള സാഹചര്യം ഒത്തു വരാത്തത് കൊണ്ടാണ് വിവാഹം നീണ്ടു പോയത്. പൂനത്തിന്റെ ആരോഗ്യനില വശളാണെന്നും എന്തു വേണമെങ്കിലും സംഭവിക്കാമെന്നും ഡോക്ടർമാർ അറിയിച്ചതോടെ പൂനത്തിന്റെ ഏറെ നാളായുള്ള ആഗ്രഹം നിറവേറ്റാൻ ബന്ധുക്കൾ തീരുമാനമെടുത്തു. മകൾ ചാന്ദിനിയുടെ വിവാഹം നടത്താനുള്ള ഒരുക്കങ്ങൾ അവർ പൂർത്തിയാക്കി.
ചാന്ദിനിയുടെ വിവാഹനിശ്ചയം ആയിരുന്നു നടക്കേണ്ടിയിരുന്നത് എങ്കിലും അമ്മയെ സന്തോഷിപ്പിക്കാനും അവരുടെ അവസാനത്തെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കാനും വിവാഹം തന്നെ നടത്തുവാന്‍ ബന്ധുക്കൾ തീരുമാനിച്ചു. തുടർന്ന് വധുവായി അണിഞ്ഞൊരുങ്ങി മകളും പ്രതിശ്രുത വരനും വെന്റിലേറ്റർ കിടക്കയുടെ അരികിലെത്തി. സുമിത്ത് ഗൗരവ് എന്നാണ് വരന്റെ പേര്. വെന്റിലേറ്റര്‍ കിടക്കയുടെ അരികില്‍ വച്ച് ഇരുവരുടെയും വിവാഹം നടത്തി. നിറഞ്ഞ മനസ്സോടെ പൂനം ആ കാഴ്ച കണ്ടു. വിവാഹം നടന്നു രണ്ടുമണിക്കൂറിനകം തന്നെ പൂനം മരണപ്പെടുകയും ചെയ്തു.