കൊച്ചി ചേരാനല്ലൂർ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സീറോ പോയിന്റ് എന്ന കടയിലെ ജീവനക്കാരനെ വിപിൻ മോഹൻ കസ്റ്റഡിയിൽ എടുക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. പലയാവൃത്തി നിർദ്ദേശങ്ങൾ നൽകിയിട്ടും ഇതൊന്നും പാലിക്കാൻ കടയുടമ തയ്യാറാകാതിരുന്നതോടെയാണ് കടയിൽ നേരിട്ട് എത്തി സി ഐ ജീവനക്കാരനെ പിടിച്ചു കൊണ്ടുപോയത്.
പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ഈ പ്രദേശത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ കടമ ഉടമയോട് നേരിട്ട് വന്ന് അനുമതി വാങ്ങണമെന്ന് പോലീസ് അറിയിച്ചിരുന്നു. എന്നാൽ പലതവണ പറഞ്ഞിട്ടും ഫോണിൽ ബന്ധപ്പെട്ടിട്ടും ഉടമ സ്റ്റേഷനിൽ എത്താൻ തയ്യാറായില്ല. ഇതോടെയാണ് സിഐ നേരിട്ട് ജീവനക്കാരനെ വിളിച്ചത്. അപ്പോഴും ഇയാൾ ഇത് കാര്യമാക്കിയില്ല. ഇതോടെയാണ് സിനിമ സ്റ്റൈലിൽ കടയിൽ നിന്ന് യുവാവിനെ പിടിച്ചിറക്കി സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ആദ്യം ഇയാൾ എതിർത്തെങ്കിലും പോലീസ് ആണെന്ന് മനസ്സിലായതോടെ ഒപ്പം പോരുക ആയിരുന്നു.
രാത്രി ഏറെ വൈകിയും ഈ സ്ഥാപനം പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഈ പ്രദേശത്ത് മയക്ക് മരുന്ന് സംഘങ്ങൾ താവളമാക്കുന്നു എന്ന വിവരം നേരത്തെ തന്നെ പോലീസ് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കട പ്രവർത്തിക്കണമെങ്കിൽ അനുമതി വാങ്ങണം എന്ന നിർദേശം പോലീസ് മുന്നോട്ട് വച്ചത്. എന്നാൽ നിരവധി തവണ ആവശ്യപ്പെട്ടിട്ടും കട ഉടമ സ്റ്റേഷനിൽ എത്താൻ തയ്യാറായില്ല. കടയിൽ എത്തിയ ജീവനക്കാരന് സീ ഐ യെ അവഗണിക്കുകയും ചെയ്തു. ഇതോടെയാണ് സി ഐ ക്ഷോഭിച്ചത് . അതേ സമയം മഫ്തിയില്‍ എത്തിയ പോലീസിനെ തിരിച്ചറിഞ്ഞില്ലെന്നും തന്നെ വലിച്ചിഴച്ച് കൊണ്ടുപോയതാണെന്നും കാണിച്ച് മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകുമെന്ന് ഇയാൾ അറിയിച്ചു.