ചൈനയിൽ കോവിഡ് വ്യാപനം എല്ലാ പരിധിയും ലംഘിച്ചു മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്. സ്ഥിതിഗതികൾ അധികൃതരുടെ കൈയിൽ നിന്നും ഏറെക്കുറെ നഷ്ടപ്പെട്ട നിലയിലാണ് . ഓരോ ദിവസവും ആയിരക്കണക്കിന് കേസുകളാണ് വർദ്ധിച്ചു കൊണ്ടിരിക്കുന്നത് . കോവിഡിന്റെ ഏറ്റവും പുതിയ വകഭേദം ചൈനയുടെ സമ്പത്ത് വ്യവസ്ഥിതി ആകെ തകർത്തു തരിപ്പണമാക്കുകയാണ്. വൈറസിന്റെ നാലാമത്തെ വകഭേദത്തിന്റെ തീവ്രത രാജ്യത്തിലെ ജനങ്ങളുടെ ജീവിതത്തെ താറുമാറാക്കിയിരിക്കുകയാണ്. അപ്പോഴും അധികാരികൾ ഇത് നിഷേധിക്കുന്നുണ്ടെങ്കിലും സമൂഹ മാധ്യമത്തിലൂടെ പുറത്തു വരുന്ന വാർത്തകളും ചില വീഡിയോകളും ആശങ്ക ജനിപ്പിക്കുന്നതാണ്.
നിലവിൽ സ്ഥിതി ഗതികൾ നിയന്ത്രണവിധേയമാണ് എന്നാണ് അധികാരികൾ പറയുന്നത്. എന്നാൽ ഇവരുടെ പ്രസ്താവനയ്ക്ക് വിരുദ്ധമാണ് പുറത്തു വരുന്ന വീഡിയോകൾ . ചൈനയിൽ നിന്നുള്ള സ്വതന്ത്ര പത്രപ്രവർത്തകനായ ജെന്നിഫർ കഴിഞ്ഞ ദിവസം പുറത്തു വിട്ട ഒരു വീഡിയോയിൽ മൃതദേഹങ്ങൾ നീല പ്ലാസ്റ്റിക് ബാഗുകളിൽ പൊതിഞ്ഞ് കൂട്ടിയിട്ടിരിക്കുന്നതാണ് കാണാൻ കഴിയുന്നത്. ആശുപത്രിയിലെ വെറും തറയിൽ സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നതു പോലെയാണ് മൃതദേഹങ്ങളുടെ കൂമ്പാരം ദൃശ്യമായത്. വൈറസിന്റെ പുതിയ വകഭേദം ജനങ്ങളില്‍ പടർന്നു പിടിക്കുകയാണ് . എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് സർക്കാർ. പുതിയ വകഭേദങ്ങൾ മൂലം ഉടലെടുത്ത നാലാമത്തെ തരംഗത്തെ അതിജീവിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് രാജ്യം.
അതേസമയം ഇന്ത്യയിൽ ഈ പുതിയ വകഭേദം വലിയ ദുരന്തം വിതക്കില്ല എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കാരണം ഇന്ത്യയിലെ ജനങ്ങൾക്ക് പുതിയ വകഭേദങ്ങളെ ചെറുക്കുന്നതിനുള്ള സ്വാഭാവിക പ്രതിരോധശേഷി കൈവന്നു കഴിഞ്ഞു . എങ്കിലും മുൻകരുതൽ എടുക്കുന്നത് തുടരണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.