വിവാഹ വേദിയിൽ പെണ്ണും ചെറുക്കനും ചെറു പുഞ്ചിരിയോടെ കാരണവന്മാരുടെ നിർദേശങ്ങളും കേട്ട് വെറുതെ നിൽക്കുന്ന കാലമൊക്കെ കഴിഞ്ഞു പോയി . ഇപ്പോൾ എല്ലാ വിവാഹങ്ങളും വലിയ ആഘോഷങ്ങളാണ്. എങ്ങനെ തങ്ങളുടെ വിവാഹം വ്യത്യസ്തമാക്കാം എന്നാണ് ഓരോ വധു വരന്മാരും ചിന്തിക്കുന്നത്. ഒന്നു വൈറലായി കിട്ടിയാൽ പിന്നെ അതിൽപരം സന്തോഷം വേറെയില്ല. അത്തരത്തിൽ ഒരു വിവാഹ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിൽ വൈറലായി മാറി . സോഷ്യൽ മീഡിയ ഇരുകൈയും നീട്ടി ആ വീഡിയോ ഏറ്റെടുത്തു.
താലികെട്ട് കഴിഞ്ഞതിനു ശേഷം ബന്ധുക്കളും നാട്ടുകാരും കണ്ടത് ശിങ്കാരിമേളം കൊട്ടിക്കയറുന്ന വധുവിനെയാണ്. വധുവും വധുവിന്റെ പിതാവും മേളക്കാരും കൂടി ഒത്തു ചേർന്നപ്പോൾ ആ വിവാഹം സമൂഹ മാധ്യമത്തിൽ ഹിറ്റായി മാറി.
ഗുരുവായൂർ ചവ്വല്ലൂർ പടി സ്വദേശി ശ്രീകുമാറിന്റെ മകൾ ശില്പയുടെ വിവാഹമാണ് ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെ ലോകം മുഴുവൻ കണ്ടത് . ഈ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തതിൽ വലിയ
സന്തോഷമുണ്ടെന്ന് വൈറൽ വധു ശില്പ പറയുന്നു.
കഴിഞ്ഞ 12 വർഷത്തോളമായി ശിങ്കാരിയും പഞ്ചാരിയും ഒക്കെ താൻ കൊട്ടാറുണ്ട്. വിവാഹം എന്നത് ഒരു സ്പെഷ്യൽ ദിവസമാണ്. അതിൽ എന്തെങ്കിലും തരത്തിലുള്ള വെറൈറ്റി വേണം എന്നു ചിന്തിച്ചിട്ടുണ്ട്. താനും വരനും ഉൾപ്പെടെ നാല് പേർക്ക് മാത്രമാണ് വിവാഹ വേദിയിൽ ഇത്തരം ഒരു സർപ്രൈസ് ഒരുക്കുന്നതിന് കുറിച്ച് അറിയുമായിരുന്നുള്ളൂ എന്നു ശില്‍പ്പ പറയുന്നു. വിവാഹ വേദിയിലെ ചെണ്ടമേളം കണ്ടതോടെ ബന്ധുക്കളും സുഹൃത്തുക്കളും ഞെട്ടിപ്പോയെന്ന് ശിൽപ്പ പറയുന്നു.