മാരക വിഷമുള്ള പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന സിദ്ധാർത്ഥ് എന്ന പത്തൊമ്പതുകാരൻ തൃശ്ശൂർ മെഡിക്കൽ കോളേജിലെ ചികിത്സയിൽ ജീവിതത്തിലേക്ക് തിരികെ വന്നു. വെന്റിലേറ്ററിൽ ആയിരുന്ന സിദ്ധാർത്ഥന് 16 തവണ ഡയാലിസിസ് നൽകി. മാരക വിഷം മൂലം തലച്ചോറിന്റെ പ്രവർത്തനം പോലും തകരാകുമെന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തിയിരുന്നു. 32 ദിവസം തീവ്ര പചരണ വിഭാഗത്തിൽ അതീവ ശ്രദ്ധയോടെ പരിചരണം നൽകിയതിലൂടെയാണ് ഈ യുവാവിന് പുതിയൊരു ജീവിതം ലഭിച്ചത്. ഇതിനുവേണ്ടി പ്രവർത്തിച്ച മുഴുവന്‍ ആരോഗ്യ പ്രവർത്തകരെയും ആരോഗ്യമന്ത്രി വീണാ ജോർജ് തന്റെ അഭിനന്ദനം അറിയിച്ചു.
ചുമട്ടു തൊഴിലാളിയായ ബൈബുവിന്റെയും ഹെൽത്ത് സെന്റർ കാന്റീൻ ജീവനക്കാരിയായ കവിതയുടെയും മകനാണ് സിദ്ധാർത്ഥ്. സിദ്ധാർത്ഥ്നു പാമ്പിന്റെ കടി ഏല്‍ക്കുന്നത് നവംബർ 26 നാണ്. ഉടൻ തന്നെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. പാമ്പിന് വിഷത്തിനെതിരെ ഏ എസ് വീ കുത്തിവെപ്പ് നടത്തി. എന്നാൽ അധികം വൈകാതെ സിദ്ധാർത്ഥന് മൈക്രോ ആൻജിയോ പതിക്ക് ഹീമോളിറ്റിക് അനീമിയ എന്ന അവസ്ഥ ഉണ്ടായി. ഇതോടെ വൃക്കയുടെ പ്രവർത്തനം തകരാറിലായി. തുടർന്ന് ഡയാലിസിസ് നടത്തി. 16 പ്രാവശ്യം ഡയാലിസിസ് നടത്തിയത്തിലൂടെയാണ് വൃക്കയുടെ പ്രവർത്തനം സാധാരണ നിലയിലായത്.
അപ്പോഴേക്കും ഉഗ്രവിഷം തലച്ചോറിനെ ബാധിച്ചിരുന്നു. തലച്ചോറിന്റെ പ്രവർത്തനം തകരാറിലായതോടെ ശ്വാസകോശത്തിൽ നിമോണിയ ബാധ ഉണ്ടാവുകയും ആരോഗ്യനില കൂടുതൽ വഷളാവുകയും ചെയ്തു. ശ്വാസകോശത്തിൽ നീർക്കെട്ടും ഉണ്ടായി. ഇതോടെ സിദ്ധാർത്ഥിനെ വെന്റിലേറ്ററിലേക്ക് മാറ്റി. അതി തീവ്ര വിഭാഗത്തിൽ എല്ലാവിധ പരിചരണവും രോഗിക്ക് നൽകി. ബുധനാഴ്ചയാണ് സിദ്ധാർത്ഥിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്നത്.