സമൂഹ മാധ്യമത്തിലൂടെ തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഒരു യുവാവ് വ്യാജപ്രചരണം നടത്തുകയാണ് എന്ന ആരോപണവുമായി നടി പ്രവീണ.
കഴിഞ്ഞ മൂന്ന് വർഷത്തോളമായി സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച് ഒരാൾ തന്നെ അപകീർത്തിപ്പെടുത്തുകയാണ് എന്ന് കാണിച്ച് പ്രവീണ നേരത്തെ സൈബർ സെല്ലിൽ പരാതി കൊടുത്തിരുന്നു. പ്രവീണയുടെ ചിത്രങ്ങൾ മോർഫ് ചെയ്തു നഗ്ന ചിത്രങ്ങൾ ആക്കി സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയാണ്. പ്രവീണയുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും എല്ലാം ഇയാൾ ഇത് അയച്ചു കൊടുക്കുകയാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് പ്രവീണ പോലീസ്സില്‍ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തമിഴ്നാട് തിരുനെൽവേലി സ്വദേശിയായ ഭാഗ്യരാജ് എന്ന 23 കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഡൽഹിയിൽ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ്. ഇയാളുടെ ലാപ്ടോപ്പിൽ നിന്നും മോർഫ് ചെയ്ത നിരവധി നഗ്ന ചിത്രങ്ങൾ പോലീസ് കണ്ടെടുത്തു. പിന്നീട് ഈ പ്രതിയെ മൂന്നു മാസത്തേക്ക് റിമാൻഡ് ചെയ്തു. എന്നാൽ ഇയാൾ ഒരു മാസത്തിനുള്ളിൽ ജാമ്യത്തിൻ ഇറങ്ങി. അതിനു ശേഷം തന്നോട് കേസ് കൊടുത്തതിനുള്ള പ്രതികാരം വീട്ടുകയാണ് ചെയ്യുന്നത് എന്ന് നടി പറയുന്നു.
ഇയാൾ പ്രവീണയുടെ നൂറിലധികം വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളാണ് ഉണ്ടാക്കിയിട്ടുള്ളത്. തന്റെ മകളെ പോലും അയാൾ വെറുതെ വിടാൻ കൂട്ടാക്കിയിട്ടില്ല. മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു കൊടുത്ത് തന്നെ മോശക്കാരിയാക്കാന്‍ ശ്രമിക്കുകയാണ്. തന്റെ ചുറ്റുമുള്ള സ്ത്രീകളെ എല്ലാവരെയും അയാൾ തിരഞ്ഞു പിടിച്ച് ആക്രമിക്കുകയാണെന്നും നടി പറയുന്നു.