കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിൽ ഒരു ആനയുടെ തരക്കേടിന്റെ വീഡിയോ സമൂഹ മാധ്യമത്തില്‍ വൈറലായി മാറി. തൃശ്ശൂർ മതിലകം ദേശീയപാത 66ലാണ് കുറച്ച് കൗതുകവും എന്നാൽ ഭയവും ഉണ്ടാക്കിയ ആ കാഴ്ച. അതുവഴി പോവുകയായിരുന്ന കൊമ്പനാന പെട്ടെന്ന് പഴക്കടയുടെ മുന്നിൽ എത്തിയപ്പോൾ സഡൻ ബ്രേക്ക് ഇട്ടതു പോലെ നിന്നു. പാപ്പാന്മാർ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ആന അവിടെ നിന്നും അനങ്ങാൻ കൂട്ടാക്കിയില്ല. ഇതോടെ വഴിയാത്രക്കാർക്കും കൂടി നിന്നവർക്കും ആകെ ഭയമായി. ആന വിരണ്ടതാകും എന്ന് കരുതി ചിലർ പിന്തിരിഞ്ഞോടി. ഒടുവിൽ ഏറെ പണിപ്പെട്ട് പാപ്പാന്മാർ ആനയെ റോഡിൻറെ അരികിലേക്ക് മാറ്റി നിർത്തി. അതുകൊണ്ട് തന്നെ ഗതാഗതം കാര്യമായി തടസ്സപ്പെട്ടില്ല.
ആന തരക്കേട് കാണിച്ചത് റോഡിന് സമീപത്തുള്ള കടയിലെ പഴക്കുലയില്‍ കണ്ണുടക്കിയതുകൊണ്ടാണെന്ന് പിന്നീടാണ് മനസ്സിലാക്കുന്നത്. തുടർന്ന് പാപ്പാൻമാരിൽ ഒരാൾ വന്ന് രണ്ടു പടല പഴം എടുത്ത് ആനയുടെ തുമ്പിക്കയ്യില്‍ വച്ചുകൊടുത്തു. ഇതോടെ ആള് ഒരല്പം ശാന്തനായി, പതിയെ മുന്നോട്ട് നടന്നു, തൊട്ടടുത്തുള്ള പച്ചക്കറിക്കടയുടെ മുൻപിലെത്തിയ ആന വീണ്ടും നിന്നു. എത്ര ശ്രമിച്ചിട്ടും ആന പിന്നെ ഒരടി പോലും മുന്നോട്ടു നീങ്ങിയില്ല. ഇതോടെ വീണ്ടും ആളുകൾക്ക് പരിഭ്രാന്തിയായി. പിണങ്ങി മാറിയ ആന അക്രമാസക്തനാകുമോ എന്ന് പോലും ഭയന്നു. ഇതിനിടെ രണ്ടുപേർ വന്നു കുറച്ചു കൂടുതൽ പഴം വാങ്ങി ആനയുടെ തുമ്പിക്കൈയിൽ വച്ചുകൊടുത്തു. പഴം കിട്ടിയതോടെ ആന ഒന്ന് ഒതുങ്ങി. വീണ്ടും പതിയെ മുന്നോട്ട് നടന്ന ആന മറ്റൊരു പഴക്കടയുടെ മുന്നിൽ എത്തിയത്തോടെ പഴയ അതേ രീതി ആവർത്തിച്ചു. നേരത്തെ കയ്യിൽ കരുതിയിരുന്ന പഴം നൽകി പാപ്പാന്മാർ ആനയെ മെരുക്കി മുന്നോട്ടു നടത്തിച്ചു. തുമ്പിക്കൈ എത്തി പഴക്കുല ഇറുന്നെടുക്കാൻ സൗകര്യമുണ്ടായിരുന്നിട്ടും ആന അതിന് ശ്രമിച്ചില്ല. ഒടുവിൽ 20 മിനിറ്റോളം നീണ്ട തരക്കേടിനു ശേഷമാണ് ആന യാത്ര തുടർന്നത്.