രക്ഷാപ്രവര്‍ത്തകര്‍ നോക്കി നില്‍ക്കെ മോക്ക് ഡ്രില്ലിൽ മുങ്ങിത്താഴുന്നത് അഭിനയിക്കാൻ ഇറങ്ങിയ യുവാവ് ശരിക്കും വെള്ളത്തിൽ മുങ്ങിത്താണ് മരണപ്പെട്ടു

പ്രളയദുരന്തം നേരിടാനുള്ള പ്രചരണ പരിശീലനത്തിനിടെ മുങ്ങിത്താഴ്ന്ന യുവാവ് മരണപ്പെട്ടു.  മോക്ക് ഡ്രില്ലിൽ മുങ്ങി താഴ്ന്നത് അഭിനയിക്കാൻ ഇറങ്ങിയ യുവാവ് ശരിക്കും വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു.  പ്രളയം നേരിടാനുള്ള പരിചരണത്തിന്റെ ഭാഗമായി മുങ്ങിത്താഴുന്നത് അഭിനയിക്കാൻ രക്ഷാസേനകൾ ചേർന്ന് ആറ്റിലേക്ക് ഇറക്കിയ യുവാവാണ് മുങ്ങി മരിച്ചത്. കല്ലുപ്പാറ കാക്കര കുന്നിൽ ബിനു സോമൻ ആണ് മരണപ്പെട്ടത്. 34 വയസ്സുകാരനായ ബിനു പെയിൻറിംഗ് തൊഴിലാളിയാണ്.

രക്ഷാപ്രവര്‍ത്തകര്‍ നോക്കി നില്‍ക്കെ മോക്ക് ഡ്രില്ലിൽ മുങ്ങിത്താഴുന്നത് അഭിനയിക്കാൻ ഇറങ്ങിയ യുവാവ് ശരിക്കും വെള്ളത്തിൽ മുങ്ങിത്താണ് മരണപ്പെട്ടു 1

കഴിഞ്ഞ ദിവസം രാവിലെ ഒമ്പതരയ്ക്കാണ് മുല്ലപ്പള്ളിക്ക് സമീപത്തുള്ള മണിമലയാറ്റിലെ പടുതോട് കടവിൽ മോക്ക് ഡ്രിൽ നടന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെതുൾപ്പെടെ വിവിധ ഏജൻസികളുടെ നേതൃത്വത്തിലാണ് പ്രളയ ദുരന്തങ്ങളെ എങ്ങനെ അതിജീവിക്കാം എന്നതിനെക്കുറിച്ചുള്ള
പ്രചാരണ പരിശീലനം നടന്നത്.

കുറച്ചുപേർ ഒഴുക്കിൽ പെട്ടത് ചിത്രീകരിക്കാൻ വേണ്ടിയാണ് അധികൃതർ ശ്രമിച്ചത്. ഇതിനുവേണ്ടി ബിനു ഉൾപ്പെടെ നാല് പേരെ  ആറ്റിലേക്ക് ഇറക്കി. ഇവർ ഇറങ്ങുന്നതിന്റെ എതിർവശത്തു നിന്നും രക്ഷാസേനയുടെ അംഗങ്ങൾ യന്ത്രവൽകൃത ബോട്ടിൽ എത്തി രക്ഷിക്കുന്നതാണ് ചിത്രീകരിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. പക്ഷേ നിർഭാഗ്യവശാൽ വെള്ളത്തിലിറങ്ങിയ ബിനു സോമൻ ശരിക്കും വെള്ളത്തിൽ മുങ്ങി താഴുകയായിരുന്നു. ബിനു പലതവണ കൈകൾ ഉയർത്തി രക്ഷിക്കണമെന്ന് പറയുന്നുണ്ടെങ്കിലും ഇത് അഭിനയിക്കുകയാണ് എന്നാണ് ദുരന്തനിവാരണ സേനയിലെ അംഗങ്ങളും നാട്ടുകാരും കരുതിയത്. ലൈഫ് ബോട്ട് എറിഞ്ഞു കൊടുത്തെങ്കിലും പിടിക്കാനാവാതെ ബിനു ആഴങ്ങളിലേക്ക് താഴ്ന്നു പോവുകയായിരുന്നു. ബാക്കിയുള്ളവർ ബോട്ടിൽ പിടിച്ചു കിടക്കുമ്പോഴാണ് ഒരാളെ കാണാനില്ല എന്ന് മനസ്സിലാകുന്നത്.


ഇതോടെ ദേശീയ ദുരന്തനിവാരണ സേനയുടെ മുങ്ങൽ വിദഗ്ധർ ഉൾപ്പെടെ
ഉള്ളവർ ബോട്ടിൽ എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. 20 മിനിറ്റ് നേരത്തെ തിരച്ചിലിനൊടുവിലാണ് ബിനുവിനെ കണ്ടെത്താൻ കഴിഞ്ഞത്. തുടർന്ന് ബിനുവിനെ ആംബുലൻസിൽ തിരുവല്ലയിൽ ഉള്ള സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും എട്ടേകാലോടെ മരണം സംഭവിക്കുകയായിരുന്നു.

Exit mobile version