പ്രധാനപ്പെട്ട എന്തെങ്കിലും സാധനങ്ങൾ ടോയ്‌ലറ്റിൽ പോവുകയാണെങ്കിൽ അത് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് വേണം കരുതാൻ. അത് തിരിച്ചെടുക്കുക അത്ര എളുപ്പമല്ല. ഫ്ലഷ് ചെയ്ത് കഴിഞ്ഞാൽ നഷ്ടപ്പെട്ട വസ്തു സെപ്റ്റിക് ടാങ്കിൽ പോകും. പിന്നീട് ടാങ്ക് ക്ലീൻ ചെയ്താൽ പോലും ചിലപ്പോൾ അത് കിട്ടണമെന്നില്ല. സമൂഹ മാധ്യമത്തിൽ ഇപ്പോൾ ശ്രദ്ധ പിടിച്ചു പറ്റുന്ന ദമ്പതികളുടെ കഥ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.
നിക്ക് ഷൈന എന്നീ ദമ്പതികളുടെ വിവാഹ നിശ്ചയം മോതിരം വീട്ടിലെ കക്കൂസിൽ നഷ്ടപ്പെട്ടത് 21 വർഷം മുൻപാണ്. നിക്ക് ഷൈനയുടെ കൈയിൽ അണിയിച്ച വജ്ര മോതിരം ആണ് ടോയ്‌ലറ്റിൽ വീണു പോയത്. മോതിരം പോയത് അറിയാതെ ഷൈന ടാങ്ക് ഫ്ലഷ് ചെയ്യുകയും ചെയ്തു. പിന്നീടാണ് മോതിരം നഷ്ടപ്പെട്ട വിവരം ഷൈന മനസ്സിലാക്കുന്നത്. എന്ത് ചെയ്യണം എന്നറിയാതെ അങ്കലാപ്പിലായ അവർ വിവരം ഭർത്താവിനോട് പറഞ്ഞു. ഇതോടെ അദ്ദേഹം സെപ്റ്റിക് ടാങ്കിൽ ഇറങ്ങി മോതിരം തപ്പിയെടുക്കാൻ തീരുമാനിച്ചു. സെപ്റ്റിക് ടാങ്കിൽ തന്നാൽ ആകും വിധം തപ്പിയിട്ടും മോതിരം കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് അവർ ആ ഉദ്യമം എന്നന്നേക്കുമായി ഉപേക്ഷിച്ചു. എന്നാൽ രണ്ടു ദശാബ്ദങ്ങൾക്ക് ശേഷം ഇതേ മോതിരം അവരെ തേടിയെത്തി. ആ സംഭവം ഇങ്ങനെ.
നിക്കിൻറെ അമ്മ റെനി ടോയ്ലറ്റ് മാറ്റിവെക്കാൻ വീട്ടിലേക്ക് ഒരു പ്ലംബറെ വിളിച്ചു. ഇദ്ദേഹം ടോയ്‌ലറ്റ് മാറ്റിവെക്കുന്നതിനിടെ നഷ്ടപ്പെട്ട വജ്ര മോതിരം അതിൽ നിന്ന് ലഭിക്കുക ആയിരുന്നു. ശരിക്കും ഇത് കണ്ട റെനി ആകെ അത്ഭുതപ്പെട്ടുപോയി. 21 വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ട ഷൈനയുടെ വിവാഹ നിശ്ചയ മോതിരം ആണ് ഇത് എന്ന് അവർ തിരിച്ചറിഞ്ഞു. തുടർന്ന് ക്രിസ്മസ് സമ്മാനമായി അവർ ആ മോതിരം അവൾക്ക് നൽകി. 21 വർഷങ്ങൾക്ക് ശേഷം നഷ്ടപ്പെട്ട മോതിരം തിരികെ ലഭിച്ചപ്പോൾ ഒരിക്കലും പറഞ്ഞറിയിക്കാനാകാത്ത സന്തോഷമായിരുന്നു ആ ദമ്പതികൾക്ക് ഉണ്ടായത്. വരും തലമുറയ്ക്ക് ഈ മോതിരം കൈമാറാനാണ് ഉദ്ദേശിക്കുന്നതെന്ന് ദമ്പതികൾ പറയുന്നു.